
ടിക്കറ്റുകള്‍ ബുക്ക് ചെയ്യാൻ സാധിക്കുന്നില്ല ; ഐആർസിടിസി വെബ്സൈറ്റും മൊബൈല്‍ ആപ്ലിക്കേഷനും തകരാറിലെന്ന് യാത്രക്കാർ
മുംബൈ: റെയില്‍വെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാൻ സഹായിക്കുന്ന ഐആർസിടിസി വെബ്സൈറ്റും മൊബൈല്‍ ആപ്ലിക്കേഷനും തകരാറിലെന്ന് യാത്രക്കാരുടെ പരാതി.
വ്യാഴാഴ്ച തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാൻ സാധിക്കുന്നില്ലെന്ന് നിരവധിപ്പേർ പരാതിപ്പെട്ടു. വെബ്സൈറ്റുകളുടെ തകരാറുകള്‍ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഡൗണ്‍ഡിറ്റക്ടർ എന്ന വെബ്സൈറ്റിലും ഐആർസിടിസി വെബ്സൈറ്റിനെക്കുറിച്ചുള്ള റിപ്പോർട്ടുകളുടെ എണ്ണത്തില്‍ വർദ്ധനവ് കാണിക്കുന്നു.
തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാനായി ഐആർസിടിസി മൊബൈല്‍ ആപ്പ് തുറന്നാല്‍ മെയിന്റനൻസ് പ്രവർത്തനങ്ങള്‍ കാരണം ഇപ്പോള്‍ ടിക്കറ്റെടുക്കാൻ സാധിക്കില്ലെന്ന എറർ സന്ദേശമാണ് കാണുന്നത്. രാവിലെ പത്ത് മണിക്ക് എ.സി കോച്ചുകളിലേക്കുള്ള തത്കാല്‍ ബുക്കിങ് ആരംഭിച്ചപ്പോഴാണ് പലരും പ്രശ്നം ശ്രദ്ധിച്ചത്. എന്നാല്‍ ഇരട്ടിയും അതിലധികവും പണം നല്‍കി എടുക്കേണ്ട പ്രീമിയം തത്കാല്‍ ടിക്കറ്റുകള്‍ക്ക് പ്രശ്നമൊന്നുമില്ല. ഇത് വലിയ തട്ടിപ്പാണെന്ന് നിരവധിപ്പേർ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായപ്പെടുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
