
ചെറുകുടലും വന്‍കുടലും അടങ്ങുന്ന ‘ബവല്‍’ ഭാഗത്തുണ്ടാകുന്ന പ്രശ്നങ്ങളെ ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം (ഐബിഎസ്) എന്ന് പറയുന്നു.
വിട്ടുമാറാത്തതും കഠിനവുമായ വയറുവേദന, വയറിളക്കം, മലബന്ധം, മലവിസര്‍ജ്ജനത്തിലെ മാറ്റങ്ങള്‍, വയറിന് അസ്വസ്ഥത, ഗ്യാസ്, നെഞ്ചെരിച്ചില്‍, വിശപ്പില്ലായ്മ എന്നിവയെല്ലാം ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോമിന്റെ ലക്ഷണങ്ങളാണ്.
പല കാരണങ്ങള്‍ കൊണ്ടും ഐബിഎസ് ഉണ്ടാകാം. വയറിലെ നല്ല ബാക്ടീരിയകളില്‍ ഉണ്ടാകുന്ന ചില മാറ്റങ്ങള്‍ ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോമിന് കാരണമാകും. അതുപോലെ സ്ട്രെസ്, ചില ഭക്ഷണങ്ങൾ തുടങ്ങിയവ ഐബിഎസിന് കാരണമായേക്കാം. ഐബിഎസിന് ചികിത്സയില്ലെങ്കിലും, ഭക്ഷണക്രമത്തിലെ മാറ്റങ്ങൾ ഉൾപ്പെടെയുള്ള ചില ജീവിതശൈലി മാറ്റങ്ങൾ രോഗലക്ഷണങ്ങൾ നിയന്ത്രിക്കാന്‍ സഹായിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഐബിഎസ് രോഗികള്‍ക്ക് ചില ഭക്ഷണങ്ങള്‍ വയറ്റിന് പിടിക്കില്ല. അത്തരം ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
1. പാലും പാലുൽപന്നങ്ങളും
ഐബിഎസ് രോഗികളില്‍ ചിലർക്ക് പാലും പാലുൽപന്നങ്ങളും കഴിച്ചാൽ വയറിളകും. അത്തരത്തില്‍ പ്രശ്നം ഉള്ളവര്‍ പാല്‍, ചീസ്, തൈര് തുടങ്ങിയവ ഡയറ്റില്‍ നിന്നും ഒഴിവാക്കുക.
2. കോഫി
ഐബിഎസ് രോഗികളില്‍ ചിലരില്‍ കോഫി കുടിക്കുന്നതും ദഹന പ്രശ്നങ്ങള്‍ ഉണ്ടാക്കാം. അത്തരക്കാര്‍ ഡയറ്റില്‍ നിന്നും കോഫിയുടെ ഉപയോഗവും കുറയ്ക്കുക.
3. ഗോതമ്പ്
ചിലര്‍ക്ക് ഗോതമ്പും ഗ്ലൂട്ടണ്‍ അടങ്ങിയ ഭക്ഷണങ്ങളും വയറിന് പിടിക്കില്ല. അത്തരക്കാര്‍ അതും ശ്രദ്ധിക്കുക.
4. എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍
കൊഴുപ്പും മറ്റും ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങളും ഐബിഎസ് രോഗികള്‍ പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുക.
5. സംസ്കരിച്ച ഭക്ഷണങ്ങള്‍
സംസ്കരിച്ച ഭക്ഷണങ്ങളും ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം രോഗികള്‍ ഡയറ്റില്‍ നിന്നും പരമാവധി ഒഴിവാക്കുക.
6. സിട്രസ് പഴങ്ങള്‍, ഗ്യാസ് നിറഞ്ഞ പാനീയങ്ങള്‍
സിട്രസ് പഴങ്ങള്‍, ഗ്യാസ് നിറഞ്ഞ പാനീയങ്ങള്‍ തുടങ്ങിയവയും ഐബിഎസ് രോഗികള്‍ ഒഴിവാക്കുന്നതാകും നല്ലത്. മദ്യപാനവും ഐബിഎസ് രോഗികള്‍ പരമാവധി ഒഴിവാക്കുക.
7. ബീന്‍സ്, കാബേജ്
ചിലരില്‍ ബീന്‍സ്, കാബേജ് തുടങ്ങിയവയും ചിലപ്പോള്‍ പ്രശ്‌നങ്ങള്‍ വഷളാക്കാം.
8. പഞ്ചസാര, എരുവ്
പഞ്ചസാരയോ എരിവോ കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങളും ജങ്ക് ഫുഡും ഐബിഎസ് രോഗികള്‍ പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുക.
ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോമിനെ തടയാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം:
തണ്ണിമത്തൻ, കുക്കുമ്പർ, പുതിന, ഇഞ്ചി, തൈര്, ബെറി പഴങ്ങള്‍, മത്സ്യം, ഇലക്കറികൾ, ഇളനീര് തുടങ്ങിയവയൊക്കെ ഐബിഎസിൻ്റെ ലക്ഷണങ്ങളെ ലഘൂകരിക്കാനും കുടലിൻ്റെ ആരോഗ്യത്തെ സംരക്ഷിക്കാനും സഹായിക്കും.
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.അതുപോലെ തന്നെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.