
പട്ടാപ്പകല്‍ റോഡില്‍വെച്ച് മകളുടെ മുന്നിലിട്ട് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച കേസ് ;ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു.
സ്വന്തം ലേഖിക.
ഇരിട്ടി :പട്ടാപ്പകല്‍ റോഡില്‍വെച്ച് മകളുടെ മുന്നിലിട്ട് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ ഭര്‍ത്താവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു.
കഴുത്തില്‍ മുറിവേറ്റ കുന്നോത്ത് ബെൻഹില്‍ സ്വദേശി കെ.യു. സജിതയെ (36) ആദ്യം ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കണ്ണൂരിലേക്കും മാറ്റി ശസ്ത്രക്രിയക്ക് വിധേയമാക്കി. ഇവരുടെ ഭര്‍ത്താവ് വിളമന സ്വദേശി കല്യാടൻ വീട്ടില്‍ ഉമേഷിനെതിരെ (40) ഇരിട്ടി പൊലീസ് വധശ്രമത്തിന് കേസെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബുധനാഴ്ച രാവിലെ 10ഓടെ ബെൻഹില്‍ സ്‌കൂളിന് സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനടുത്ത് അന്തര്‍ സംസ്ഥാന പാതയില്‍ വെച്ചായിരുന്നു സംഭവം. കുടുംബ പ്രശ്നങ്ങള്‍ കാരണം തമ്മില്‍ പിരിഞ്ഞ സജിത കുട്ടികളോടൊപ്പം വാടകവീട്ടില്‍ താമസിച്ചുവരികയായിരുന്നു.
കോടതിയില്‍ നടക്കുന്ന കേസുമായി ബന്ധപ്പെട്ട് പേപ്പര്‍ കൈമാറാനുണ്ടെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയായിരുന്നു ആക്രമണം. കാറിലെത്തിയ ഉമേഷ്പുറത്തിറങ്ങിയ ഉടനെ സജിതയുമായി വാക്കുതര്‍ക്കമായി. ഇതിനിടയില്‍ സജിത പൊലീസിനെ വിളിക്കാൻ ഫോണ്‍ എടുക്കുന്ന സമയത്ത് ഉമേഷ് പിന്നില്‍ ഒളിപ്പിച്ച കത്തി ഉപയോഗിച്ച് കഴുത്തിന് വെട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സജിത ഇളയ മകള്‍ക്കൊപ്പമാണ് സംഭവസ്ഥലത്ത് എത്തിയത്. പഞ്ചാബ് നാഷനല്‍ ബാങ്ക് ജീവനക്കാരിയാണ് സജിത. സംഭവസമയത്ത് എത്തിയ യാത്രക്കാരാണ് സജിതയെ ആശുപത്രിയില്‍ എത്തിച്ചത്. നാട്ടുകാര്‍ ഉമേഷിനെ തടഞ്ഞുവെച്ച് പൊലീസിന് കൈമാറുകയായിരുന്നു. എ.എസ്.ഐ സുജിത്തും സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ പത്മരാജനും ചേര്‍ന്ന് കസ്റ്റഡിയിലെടുത്ത് പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.