ഇരിങ്ങാലക്കുട ആനീസ് വധം: നേരറിയാൻ സി ബി ഐ വരുമോ ? കൊലചെയ്യപ്പെട്ടിട്ട് അഞ്ചുവര്‍ഷം; കേസിൽ ഒരു തുമ്പും കിട്ടിയില്ല: ലോക്കൽ പോലീസും ക്രൈംബ്രാഞ്ചും തോറ്റിടത്ത് സി ബി ഐ യെ കൊണ്ടുവരാൻ കോടതിയിൽ ഹർജി
ഇരിങ്ങാലക്കുട: നാടിനെ നടുക്കിയ ആനീസ് കൊലക്കേസിലെ പ്രതി ആര് ? ഈ ചോദ്യത്തിന് ഉത്തരം തേടിയുള്ള ക്രൈംബ്രാഞ്ചിന്‍റെ അന്വേഷണത്തിനു ഇനിയും ഫലം കണ്ടെത്താനായിട്ടില്ല.
2019 നവംബര്‍ 14 നാണു ഇരിങ്ങാലക്കുട ഈസ്റ്റ് കോമ്പാറയില്‍ കൂനന്‍ വീട്ടില്‍ പരേതനായ പോള്‍സന്‍റെ ഭാര്യ ആനീസ് കൊല്ലപ്പെട്ടത്.
ചുരുളഴിയാത്ത കൊലപാതകത്തിന് ഇന്ന് അഞ്ചുവര്‍ഷം പിന്നിടുമ്പോഴും കൊലയാളി അഥവാ കൊലയാളിസംഘം അജ്ഞാതരായി കഴിയുന്നു. 2020 ഡിസംബറിലാണ് ക്രൈംബ്രാഞ്ച് സംഘം കേസന്വേഷണം ഏറ്റെടുത്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രണ്ടായിരത്തിലധികം പേരെയാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്. സമീപവാസികളും ബന്ധുക്കളും ഭര്‍ത്താവിന് ബിസിനസ് രംഗത്ത് ഉണ്ടായിരുന്ന അന്യസംസ്ഥാന തൊഴിലാളികളും ഇതില്‍ ഉള്‍പ്പെടും.
കവര്‍ച്ച ചെയ്യപ്പെട്ട വളകളും കൊലപാതകത്തിനു ഉപയോഗിച്ച ആയുധങ്ങളോ കണ്ടെടുക്കുന്നതിനു വേണ്ടി സമീപത്തു കാടുപിടിച്ചു കിടക്കുന്ന ഭാഗങ്ങള്‍ വെട്ടിത്തെളിച്ചു. സമീപത്തെ കിണറുകളും വറ്റിച്ചു ഒന്നും കിട്ടിയില്ല.
മേഘാലയ, നാഗലാൻഡ് അടക്കം എട്ട് സംസ്ഥാനങ്ങളില്‍ അന്വേഷണ സംഘമെത്തി. മാര്‍ക്കറ്റില്‍ ഇവരുടെ ഇറച്ചിവ്യാപാര സ്ഥാപനത്തില്‍ ജോലി ചെയ്തവരെ ചോദ്യം ചെയ്യുന്നതിനു വേണ്ടിയാണിത്. കേരളത്തില്‍ സമാനമായ രീതിയില്‍ നടന്ന കോതമംഗലം, പേരാമ്ബ്ര തുടങ്ങി 15ഓളം കൊലപാതകങ്ങളുമായി ബന്ധപ്പെടുത്തി നോക്കിയെങ്കിലും വ്യക്തത ലഭിച്ചില്ല.
ബാങ്കില്‍ സ്വര്‍ണം പണയം വച്ചവരും പണയം എടുത്തവരും സ്വകാര്യസ്ഥാപനങ്ങളിലടക്കം ക്രയവിക്രയം നടത്തിയവരും പോലീസിന്‍റെ നിരീക്ഷണത്തിലായിരുന്നു.
നിര്‍ണായകം തലമുടി
വിരലടയാള വിദഗ്ധരടക്കമുള്ളവര്‍ ശേഖരിച്ച സാമ്പിളുകളില്‍നിന്നു പ്രതിയിലേക്കു നയിക്കുന്ന സൂചനകളൊന്നും ലഭിച്ചിരുന്നില്ല. എന്നാല്‍, സംഭവസ്ഥലത്തുനിന്നും ലഭിച്ച തലമുടി കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. ഈ തലമുടി ഡിഎന്‍എ പരിശോധനയ്ക്ക് നല്‍കിയിരുന്നുവെങ്കിലും വ്യക്തത ലഭിച്ചിരുന്നില്ല.
കൂടുതല്‍ വ്യക്തത ലഭിക്കുന്ന പരിശോധനയായ മൈറ്റോന്‍ഡ്രിയല്‍ പരിശോധനക്ക് ഈ തലമുടി വിധേയമാക്കുന്നുണ്ട്. ഇതിന്‍റെ ഫലം ലഭിച്ചാല്‍ നിരീക്ഷണത്തിലുള്ളവരുടെ ഡിഎന്‍എയുമായി താരതമ്യപ്പെടുത്തി അന്വേഷണം കൂടുതല്‍ സുഗമമാക്കും.
തിരുവനന്തപുരം രാജീവ് ഗാന്ധി ബയോടെക്‌നോളജി ലാബിലാണ് ഇതിന്‍റെ പരിശോധന നടക്കുന്നത്. മൂര്‍ച്ചയേറിയ ആയുധംകൊണ്ട് ആഴത്തില്‍ മുറിവു പറ്റിയതിനാലാണു മരണം സംഭവിച്ചത് എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്.
സിബിഐ വരുമോ ?
കേസന്വേഷണം സിബിഐക്കു വിടണമെന്നുള്ള ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. കൊല്ലപ്പെട്ട ആനീസിന്‍റെ മകന്‍ അന്തോണീസ് നല്‍കിയ ഹര്‍ജി ഡിസംബര്‍ നാലിനു പരിഗണിക്കും.
രണ്ടുമാസം മുമ്പണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. കോടതിയില്‍ ഇതിനകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തില്‍ പത്തംഗ സ്‌ക്വാഡാണ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്