
അഞ്ച് പതിറ്റാണ്ടിനിടെ നൂറുകണക്കിന് കുരുന്നുകൾ ആദ്യാക്ഷരം കുറിച്ച അങ്കണവാടി ഇനി ഓർമ്മ; ഈരാറ്റുപേട്ട അമ്പഴത്തിനാൽ അംഗനവാടി കെട്ടിടം പൊളിച്ചു നീക്കാൻ നടപടി
ഈരാറ്റുപേട്ട: അഞ്ച് പതിറ്റാണ്ടിനിടെ നൂറുകണക്കിന് കുരുന്നുകൾ ആദ്യക്ഷരം കുറിച്ച അംഗൻവാടി ഇനി ഓർമയിൽ മാത്രം. നഗരസഭയിലെ തന്നെ ആദ്യത്തേതെന്ന് പറയാവുന്ന അമ്പഴത്തിനാൽ അംഗൻവാടിയുടെ കെട്ടിടമാണ് പൊളിച്ച് നീക്കാൻ നടപടിയായത്. 1970കളിലാണ് അംഗൻവാടി പ്രവർത്തനം ആരംഭിച്ചത്.
മറ്റക്കൊമ്പനാൽ പരതേനായ എം. അബ്ദുൽഖാദർ സംഭാവന ചെയ്ത സ്ഥലത്ത് പരേതരായ പാറനാനി എം.കെ. അബ്ദുൽ കരീമിന്റെയും ഭാര്യ സുഹുറയുടെയും നേതൃത്വത്തിലാണ് അംഗൻവാടി സ്ഥാപിതമായത്. ആദ്യ ടീച്ചറായി ഗിരിജാദേവിയും ഹെൽപറായി ഖദീജയുമാണ് സേവനം ചെയ്തത്. തുടക്കത്തിൽ ടീച്ചർക്ക് 750ഉം ഹെൽപർക്ക് 300 രൂപയുമായിരുന്നു വേതനം. ആദ്യ ബാച്ചിൽ അമ്പതിലധികം കുട്ടികൾ ഉണ്ടായിരുന്നു.
ഇവിടെ പഠിച്ചവർ നാട്ടിലും വിദേശത്തും ഉന്നത മേഖലകളിൽ ജോലി ചെയ്യുന്നതായി അധ്യാപിക ഗിരിജ പറയുന്നു. അവർ ഇപ്പോഴും ക്ഷേമാന്വേഷണം നടത്താറുണ്ടെന്ന കാര്യം ടീച്ചർ ഓർത്തെടുക്കുന്നു. എം.എൽ.എ ബജറ്റ് ഫണ്ടിൽനിന്ന് 25 ലക്ഷം രൂപ അനുവദിച്ച് ആധുനിക നിലവാരത്തിലാണ് പുതിയ കെട്ടിടം പണിയുന്നത്. നിരന്തര ഇടപെടലിനെ തുടർന്നാണ് പുതിയ കെട്ടിടം യാഥാർഥ്യമാകാൻ പോകുന്നതെന്ന് ഡിവിഷൻ കൗൺസിലർ കൂടിയായ സഹല ഫിർദൗസ് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
