
അശ്വിൻ ചെങ്ങളം
ഈരാറ്റുപേട്ട: രാഷ്ട്രീയത്തിലെ ഏറാംമൂളികളായ നേതാക്കന്മാർക്കും ശിങ്കിടികൾക്കും വേണ്ടി കൃത്യനിർവ്വഹണത്തിൽ വിട്ടു വീഴ്ചയില്ലാത്ത ഉദ്യോഗസ്ഥരെ തെക്ക് വടക്ക് നടത്തിക്കുന്നതായി പരാതി.
നേതാക്കന്മാരുടെ താല്പര്യത്തിന് നിന്ന് കൊടുക്കുകയും അവരുടെ ശിങ്കിടികൾ കാണിക്കുന്ന തോന്ന്യവാസത്തിന് ഇളവ് നല്കുകയും ചെയ്തില്ലങ്കിൽ ഏതെങ്കിലും ഓണംകേറാ മൂലയിലേക്ക് സ്ഥലം മാറ്റി പ്രതികാരം തീർക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരളാ പൊലീസിൽ കൃത്യതയോടെയും സത്യസന്ധമായും ജോലി ചെയ്യുന്നവർക്ക് ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥയാണ് നിലനിൽക്കുന്നത്.
അതിന് തെളിവാണ് ഈരാറ്റുപേട്ട സി ഐ യുടെ സ്ഥലം മാറ്റം.
പൂഞ്ഞാർ മണ്ഡലത്തിലെ ഉന്നതനായ നേതാവിന്റെ ശിങ്കിടികളുടെ പാസില്ലാത്ത കള്ളു വണ്ടിയും മണ്ണ് ലോറിയും പിടിച്ചതിലുള്ള കലിപ്പാണ് ഇൻസ്പക്ടറുടെ സ്ഥലം മാറ്റത്തിൽ കലാശിച്ചത്.
നേതാവിന്റെ ഏറാൻമൂളികൾ ബൈക്കിൽ ട്രിപ്പിൾ അടിക്കുന്നതും, ഹാൻസ് കച്ചവടം നടത്തുന്നതിനുമെതിരെ നിയമ നടപടി എടുത്തതും നേതാവിനെ പ്രകോപിപ്പിച്ചു.
കേസ് എടുക്കരുതെന്ന് നേതാവിന്റെ മുന്നറിയിപ്പ് ഉണ്ടായിരുന്നുവെങ്കിലും അത് വകവയ്ക്കാതെ തന്റെ ശിങ്കിടികൾക്കെതിരെ സി.ഐ കേസ് എടുക്കുകയും നടപടി സ്വീകരിക്കുകയും ചെയ്തതോടെയാണ് ഈരാറ്റുപേട്ട ഇൻസ്പെക്ടറെ കാസർകോട്ടേക്ക് തട്ടിയത്.
ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ടിന്റെ മാർച്ചിൽ പ്രായപൂർത്തിയാകാത്ത കുട്ടി മതവിദ്വേഷ മുദ്രാവാക്യം മുഴക്കിയ സംഭവത്തിൽ കുട്ടിയെ എടുത്തിരുന്ന പ്രതിയെ മിനിറ്റുകൾക്കും പൊക്കിയത് ഈരാറ്റുപേട്ട ഇൻസ്പെക്ടർ ആയിരുന്നു. ഈരാറ്റുപേട്ട മേഖലയിലെ ഒൻപത് ഗുണ്ടകളെ അകത്താക്കിയതും കഞ്ചാവ് മാഫിയയെ ഒതുക്കിയതും ഇദ്ദേഹമായിരുന്നു.
പൊലീസിൽ അന്തസ്സായും, കൃത്യമായും ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥയിൽ കൃത്യ നിർവ്വഹണം എങ്ങനെയാണ് നടക്കുക. ഉന്നതരുടേയും രാഷ്ട്രീയക്കാരുടെ ശിങ്കിടികൾ ചെയ്യുന്ന ക്രിമിനൽ കുറ്റങ്ങൾ കണ്ടില്ലെന്ന് നടിച്ച് സമാധാനപാലകരാകേണ്ടി വരുന്നവരാണ് കേരളാ പൊലീസിൽ അധികമാളുകളുമെന്ന് സമ്മതിക്കേണ്ടിവരും.