‘സാമ്രാജ്യത്വ യുദ്ധവെറിക്കെതിരെ ലോകം ഒന്നിക്കണം’; ഇറാനെതിരായ ഇസ്രയേല്‍–അമേരിക്ക ആക്രമണത്തെ രൂക്ഷമായി വിമർശിച്ച് എം. സ്വരാജ് 

Spread the love

തിരുവനന്തപുരം: ഇറാനെതിരായ ഇസ്രയേൽ–അമേരിക്ക സംയുക്ത ആക്രമണത്തെ ശക്തമായി വിമർശിച്ച് എം സ്വരാജ്. സാമ്രാജ്യത്വ യുദ്ധവെറിക്കെതിരെ ലോകമെമ്പാടുമുള്ള ജനങ്ങൾ അണിനിരക്കണമെന്ന് ആഹ്വാനം ചെയ്താണ് സിപിഐഎം നേതാവിന്റെ പ്രതികരണം.

video
play-sharp-fill

സാമ്രാജ്യത്വ ശക്തികളുടെ ആക്രമണം ഇറാനെ ലക്ഷ്യമിടുമ്പോൾ ലോകം വീണ്ടും അശാന്തിയിലേക്ക് നീങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കൻ–ഇസ്രയേൽ ആക്രമണത്തിന്റെ ആദ്യ മണിക്കൂറുകളിൽ തന്നെ പെൺകുട്ടികളുടെ സ്കൂൾ ആക്രമിക്കപ്പെട്ടതായും നിരവധി കുഞ്ഞുങ്ങൾ കൊല്ലപ്പെട്ടതായും വാർത്തകൾ പുറത്തുവരുന്നത് അത്യന്തം ദുഃഖകരമാണെന്നും സ്വരാജ് ചൂണ്ടിക്കാട്ടി. എല്ലാ യുദ്ധങ്ങളും ആദ്യം ബാധിക്കുന്നത് കുഞ്ഞുങ്ങളെയും സ്ത്രീകളെയും നിസ്സഹായരായ സാധാരണ ജനങ്ങളെയാണെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തിൽ ആദ്യമായി ആണവായുധം പ്രയോഗിച്ച രാജ്യങ്ങൾ തന്നെ, ഇറാൻ ആണവായുധം നിർമ്മിച്ചേക്കുമെന്ന പേരിൽ നടത്തുന്ന ആക്രമണം ക്രൂരമായ വിരോധാഭാസമാണെന്നും സ്വരാജ് വിമർശിച്ചു. അമേരിക്കയും ഇസ്രയേലും ഉൾപ്പെടെയുള്ള കൂട്ടാളികൾ ഇറാന്റെ മാത്രമല്ല ലോകത്തിന്റെയും ശത്രുക്കളായി മാറിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുദ്ധഭീകരതയ്‌ക്കെതിരെ ഓരോ തെരുവിലും സമാധാനത്തിന്റെ പതാകകൾ ഉയരണമെന്നും മാനവികതയുടെ മുദ്രാവാക്യങ്ങൾ ലോകത്തെ നയിക്കണമെന്നും സ്വരാജ് ആഹ്വാനം ചെയ്തു. കൊല്ലപ്പെടുന്ന മനുഷ്യരൊക്കെയും നമ്മുടെ സഹോദരങ്ങളാണെന്നും സാമ്രാജ്യത്വ യുദ്ധവെറിക്കെതിരെ ലോകജനത ഒന്നിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.