
ഹോര്‍മുസ് കടലിടുക്കിനെ ചൊല്ലി പശ്ചിമേഷ്യന്‍ സംഘര്‍ഷം പുതിയ തലത്തിലേക്ക്. കടലിടുക്ക് തുറക്കാന്‍ ഡോണള്‍ഡ് ട്രംപ് നല്കിയ സമയപരിധി അവസാനിക്കാനിരിക്കെ വെടിനിര്‍ത്തലിന് ഇല്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഇറാന്. വെടിനിര്‍ത്തലില്‍ ഇറാന് താത്പര്യമില്ല, എന്നാല്‍ നിബന്ധനകളോടെ യുദ്ധം പൂര്‍ണമായി നിര്‍ത്താന്‍ തയാറാണെന്നാണ് ഇറാന് വിദേശകാര്യമന്ത്രി അബാസ് അരഗ്ച്ചി വ്യക്തമാക്കിയിരിക്കുന്നത്. അല്‍ജസീറയ്ക്ക് അനുവദിച്ച ടെലിവിഷന്‍ അഭിമുഖത്തിലായിരുന്നു അബ്ബാസ് അരഗ്ചിയുടെ പ്രതികരണം. നിബന്ധനകള്‍ പാലിച്ചുകൊണ്ടാണെങ്കില്‍ ഇറാന് കേള്‍ക്കുമെന്നും പശ്ചിമേഷ്യയിലേത് അമേരിക്കയുടെയോ ഇറാന്റെയോ യുദ്ധമല്ല, മറിച്ച് ഇസ്രയേലിന്റെ യുദ്ധമാണെന്നും അബ്ബാസ് അരഗ്ച്ചി പറഞ്ഞു. ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനായിക്ക് ചെറിയ പരുക്ക് മാത്രമേയുള്ളൂവെന്നും അരഗ്ചി വ്യക്തമാക്കി.
അതേസമയം പശ്ചിമേഷ്യയിലെ സ്ഥിതി വളരെ ഗുരുതരമാണെന്നാണ് രാജ്യാന്തര ഊര്‍ജ ഏജന്‍സി മേധാവി മുന്നറിയിപ്പ് നല്‍കുന്നത്. ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ ട്രംപ് നല്കിയ സമയപരിധി നാളെ പുലര്‍ച്ചെ 5.45ന് അവസാനിക്കാനിരിക്കെ ലോകമെമ്പാടുമുള്ള അമേരിക്കന്‍ പൗരന്മാര്ക്ക് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റ് ജാഗ്രതാ നിര്‍ദേശം നല്കി. പൗരന്മാര് കൂടുതല്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം.


