
ദുബായ്: ഇസ്രയേലും അമേരിക്കയും ചേർന്ന് ഇറാനില്‍ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യൻ രാജ്യങ്ങളില്‍ ഇറാന്‍റെ ശക്തമായ തിരിച്ചടി.
ഖത്തറിലെയും യുഎഇയിലെയും യുഎസ് സൈനികത്താവളങ്ങളെ ലക്ഷ്യമിട്ട് ബാലിസ്റ്റിക് മിസൈലാക്രമണം തുടങ്ങി ഇറാൻ. യുഎഇയിലെ അബുദാബി, ദുബായ്, ഖത്തറിലെ ദോഹ എന്നിവിടങ്ങളില്‍ ശനിയാഴ്ച ഇറാൻ മിസൈല്‍ ആക്രമണം നടത്തി.
സൗദി അറേബ്യയിലെ റിയാദിലും സ്ഫോടന ശബ്ദം കേട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ഇതോടെ മിഡില്‍ ഈസ്റ്റ് മേഖല അതീവ ഗുരുതരമായ സുരക്ഷാ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അബുദാബിയിലെ ജനവാസ മേഖലയില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ച് ഏഷ്യൻ വംശജനായ ഒരു പ്രവാസി കൊല്ലപ്പെട്ടതായി യുഎഇ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ഇത് സമാധാനാന്തരീക്ഷം തകർക്കുന്ന ഭീരുത്വപരമായ നടപടിയാണെന്ന് മന്ത്രാലയം പ്രസ്താവിച്ചു.
ദുബായില്‍ ശക്തമായ സ്ഫോടന ശബ്ദം കേട്ടതായും ആകാശത്ത് തീഗോളങ്ങള്‍ കണ്ടതായും ദൃക്സാക്ഷികളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എ എഫ് പി റിപ്പോർട്ട് ചെയ്തു. സ്ഫോടനത്തിന്‍റെ ആഘാതത്തില്‍ കെട്ടിടങ്ങളുടെ ജനല്‍ ചില്ലകള്‍ തകർന്നതായി എ എഫ് പി റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം പുറത്തു വന്നിട്ടില്ല.



