പ്രതികാര നടപടിയുണ്ടായാൽ യുദ്ധത്തിലേയ്ക്ക് നീങ്ങും : അമേരിക്കയ്ക്ക് താക്കീതുമായി ഇറാൻ
സ്വന്തം ലേഖകൻ
ടെഹ്‌റാൻ: പ്രതികാര നടപടിയുണ്ടായാൽ യുദ്ധത്തിലേയ്ക്ക് നീങ്ങുമെന്ന് ഇറാൻ. ഇറാക്കിലെ അമേരിക്കൻ വ്യോമതാവളത്തിന് നേരെയുണ്ടായ മിസൈലാക്രമണത്തിന് അമേരിക്കയുടെ ഭാഗത്തുനിന്ന് പ്രതികാര നടപടിയുണ്ടായാൽ കാര്യങ്ങൾ യുദ്ധത്തിലേക്ക് നീങ്ങുമെന്നാണ് ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനിയുടെ ഉപദേഷ്ടാവ് വ്യക്തമാക്കിയത്. അക്രമണത്തിന് ശേഷം മണിക്കൂറുകൾക്കകമാണ് ട്വിറ്ററിലൂടെ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് യുദ്ധ സൂചന നൽകി നിലപാട് കടുപ്പിച്ചത്.
പശ്ചിമ ഇറാഖിലെ അൽ-അസാദ് സൈനിക താവളത്തിൽ പ്രാദേശിക സമയം പുലർച്ചെ 1.20നാണ് ഇറാൻ മിസൈൽ ആക്രമണം നടത്തിയത്. വെള്ളിയാഴ്ച കൊല്ലപ്പെട്ട ഖാസിം സുലൈമാനി അടക്കമുള്ളവരുടെ സംസ്‌കാര ചടങ്ങുകൾ നടക്കാനിരിക്കെയാണ് വീണ്ടും ആക്രമണം ഉണ്ടായത്. വെള്ളിയാഴ്ച ബാഗ്ദാദ് വിമാനത്താവളത്തിന് സമീപം ജനറൽ ഖാസിം സുലൈമാനി കൊല്ലപ്പെട്ടതും ഇതേ സമയത്തായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അൽ-അസാദിലെ ആക്രമണത്തിന് പിന്നാലെ രണ്ട് മണിക്കൂറിനകമാണ് അമേരിക്കൻ സൈനികരുടെ മറ്റൊരു താവളമായ ഇർബിൻ സൈനിക കേന്ദ്രത്തിന് നേരെയും മിസൈലാക്രമുണ്ടായി. അക്രമണത്തിന് പിന്നാലെ ജനറൽ ഖാസിം സുലൈമാനിയെ വധിച്ചതിന് പ്രതികാരം ആരംഭിച്ചതായി ഇറാനിലെ ഇസ്ലാമിക് റെവലൂഷണറി ഗാർഡ് പ്രസ്താവന നടത്തിയിരുന്നു.
അമേരിക്കക്കു പുറമെ അമേരിക്കയുമായി സഖ്യമുള്ള രാജ്യങ്ങളേയും തങ്ങൾ ലക്ഷ്യം വക്കുന്നുണ്ടെന്നാണ് ഇറാൻ റെവലൂഷനറി ഗാർഡിന്റെ മുന്നറിയിപ്പ്.തീവ്രവാദിക്കൂട്ടമായ അമേരിക്കൻ സൈന്യത്തിന് താവളമൊരുക്കാൻ തങ്ങളുടെ മണ്ണ് വിട്ടു കൊടുക്കുന്ന അമേരിക്കൻ സഖ്യരാജ്യങ്ങൾ സൂക്ഷിക്കുക. ഇറാനെതിരെ എന്തെങ്കിലും നീക്കം നിങ്ങളുടെ മണ്ണിൽ നിന്നുമുണ്ടായാൽ അവിടം ഞങ്ങളുടെ ലക്ഷ്യമായിരിക്കും. ആവശ്യമെങ്കിൽ യുഎഇയിലെ ദുബായിലും ഇസ്രയേലിലെ ഹൈഫയിലും ഞങ്ങൾ ബോംബിടും ഇറാൻ റെവല്യൂഷണറി ഗാർഡ് മുന്നറിയിപ്പിൽ പറയുന്നു.കൂടുതൽ നാശനഷ്ടങ്ങൾ സംഭവിക്കാതിരിക്കാൻ മേഖലയിൽ നിന്ന് യുഎസ് സൈനികരെ പിൻവലിക്കണമെന്നും റെവലൂഷണറി ഗാർഡ് ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് അമേരിക്കൻ മിസൈൽ ആക്രമണത്തിൽ ഇറാക്കിൽ വച്ച് കാമാൻഡർ ഖാസിം സുലൈമാനിയും ഡെപ്യൂട്ടി കമാൻഡർ അബു മഹ്ദി അൽ മുഹന്ദിസും അടക്കം ഏഴു കൊല്ലപ്പെട്ടത്. അതിനു പിന്നാലെ, അമേരിക്കയുടെ ആക്രമണത്തിന് ശക്തമായ തിരിച്ചടി ഉണ്ടാവുമെന്ന് ഇറാൻ വ്യക്തമാക്കിയിരുന്നു. ഇതിന്റെ എല്ലാ അനന്തരഫലങ്ങളുടെയും ഉത്തരവാദിത്തം യുഎസിനായിരിക്കുമെന്നും ഇത് അന്താരാഷ്ട്ര ഭീകരവാദമാണെന്നും ഇറാൻ വിദേശകാര്യ മന്ത്രി ജവാദ് സരീഫ് പ്രതികരിച്ചിരുന്നു.
അതേസമയം ഇറാന് ശക്തമായ തിരിച്ചടി നൽകുമെന്ന് സൂചന നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രതികരണവും പുറത്തുവന്നിട്ടുണ്ട്. ലോകത്തെ ഏറ്റവും ശക്തവും സുസജജുമായ സൈന്യം ഞങ്ങൾക്കുണ്ടെന്ന് ഇറാനെ ഓർമ്മപ്പെടുത്തിക്കൊണ്ടായിരുന്നു ട്രംപിന്റെ ട്വീറ്റ്. സംഭവത്തിൽ ഇന്ന് തന്നെ നിർണായകമായ പ്രഖ്യാപനം നടത്തുമെന്നും ട്രംപ് പ്രതികരിച്ചിട്ടുണ്ട്