ഐക്യുവിന്‍റെ പുത്തന്‍ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയിലേക്ക്; ഐക്യു സ്സെഡ്10ആര്‍ വില, ക്യാമറ, ബാറ്ററി ഫീച്ചറുകള്‍ ചോര്‍ന്നു

Spread the love

ദില്ലി : ചൈനീസ് സ്‌മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ ഐക്യു പുത്തന്‍ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുന്നു. ഐക്യു സ്സെഡ്10ആര്‍ (iQOO Z10R) സ്‌മാര്‍ട്ട്‌ഫോണാണ് ഇന്ത്യന്‍ വിപണിയിലേക്ക് ജൂലൈ 18ന് വരാനിരിക്കുന്നത്. കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഈ മൊബൈല്‍ ഫോണിന്‍റെ ഫീച്ചറുകള്‍ ചോര്‍ന്നു.

ഐക്യു സ്സെഡ്10ആര്‍ 6.77 ഇഞ്ച് 120 ഹെര്‍ട്‌സ് ക്വാഡ് കര്‍വ്‌ഡ് ഒഎല്‍ഇഡി ഡിസ്‌പ്ലെയോടെയാണ് പുറത്തിറങ്ങുക എന്നാണ് ടിപ്സ്റ്റര്‍ ദേബയാന്‍ റോയ് പറയുന്നത്. മീഡിയടെക് ഡൈമന്‍സിറ്റി 7400 പ്രൊസസര്‍ കരുത്ത് നല്‍കുന്ന ഫോണിന് വിവോയുടെ വി50 സീരീസുമായി ലുക്കില്‍ സാമ്യമുണ്ടാകുമെന്ന് പറയപ്പെടുന്നു. 6,000 എംഎഎച്ച് ബാറ്ററിയും 90 വാട്സ് വയേര്‍ഡ് ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയും ഐക്യു സ്സെഡ്10ആറില്‍ പ്രതീക്ഷിക്കാമെന്നും ടിപ്‌സ്റ്റര്‍ പറയുന്നു. ആന്‍ഡ്രോയ്‌ഡ് 15 അടിസ്ഥാനത്തില്‍ ഫണ്‍ടച്ച് ഒഎസ് 15 പ്ലാറ്റ്‌ഫോമിലായിരിക്കും ഫോണ്‍ പ്രവര്‍ത്തിക്കുക. ഈ വര്‍ഷം പുറത്തിറങ്ങിയ മറ്റ് ഐക്യു സ്‌മാര്‍ട്ട്‌ഫോണുകള്‍ക്ക് സമാനമാണിത്.

ക്യാമറ വിഭാഗത്തില്‍, ഐക്യു സ്സെഡ്10ആര്‍ ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബി‌ലൈസേഷന്‍ പിന്തുണ സഹിതം 50 എംപി പ്രൈമറി ക്യാമറയും, സെല്‍ഫിക്കും വീഡിയോ കോളിംഗിനുമായി 32 എംപി അല്ലെങ്കില്‍ 50 എംപി ക്യാമറയും പ്രതീക്ഷിക്കാമെന്നും ടിപ്‌സ്റ്റര്‍ അവകാശപ്പെടുന്നു. സെല്‍ഫി, റിയര്‍ ക്യാമറകളില്‍ 4കെ വീഡിയോ റെക്കോര്‍ഡിംഗ് പ്രതീക്ഷിക്കാമെന്നും സൂചനയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഐക്യു സ്സെഡ്10ആര്‍ ഹാന്‍ഡ്‌സെറ്റിന്‍റെ വിലയും കമ്പനി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എങ്കിലും 20,000 രൂപയില്‍ താഴെയായിരിക്കും ഈ സ്‌മാര്‍ട്ട്‌ഫോണിന് വിലയാവുക എന്നാണ് ലീക്കുകള്‍ സൂചിപ്പിക്കുന്നത്. ഇരുപതിനായിരം രൂപയിലധികം വിലയില്‍ ഐക്യുവിന് നിയോ 10ആര്‍, സ്സെഡ് 10 എന്നീ സ്മാര്‍ട്ട്‌ഫോണുകള്‍ നിലവിലുണ്ട്.