
അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിന് തുടര്‍ച്ചയായി രണ്ടാം വിജയം. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ അവരുടെ മൈതാനത്ത് നടന്ന മത്സരത്തില്‍ ആറ് റണ്‍സിനാണ് റോയല്‍സിന്റെ ജയം.
രാജസ്ഥാന്‍ ഉയര്‍ത്തിയ 211 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ടൈറ്റന്‍സിന്റെ മറുപടി 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സ് എന്ന സ്‌കോറില്‍ അവസാനിച്ചു. 12.2 ഓവറില്‍ 126ന് ഒന്ന് എന്ന ശക്തമായ നിലയില്‍ നിന്നതിന് ശേഷമാണ് ഗുജറാത്ത് തോല്‍വി വഴങ്ങിയത്.
ഓപ്പണര്‍ സായ് സുദര്‍ശന്‍ 73(44) നേടിയ അര്‍ദ്ധ സെഞ്ച്വറിയുടെ മികവില്‍ മുന്നേറുകയായിരുന്നു ടൈറ്റന്‍സ്. ക്യാപ്റ്റന്‍ ഗില്ലിന്റെ അഭാവത്തില്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യാനെത്തിയ കുമാര്‍ കുശാഗ്ര 18(14) റണ്‍സും മൂന്നാമനായി എത്തിയ ജോസ് ബട്‌ലര്‍ 26(14) റണ്‍സും നേടി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ പിന്നീട് വന്നവര്‍ ബാറ്റിംഗ് മറന്നത് മുന്‍ ചാമ്പ്യന്‍മാര്‍ക്ക് തിരിച്ചടിയായി. ഗ്ലെന്‍ ഫിലിപ്‌സ് 3(4), വാഷിംഗ്ടണ്‍ സുന്ദര്‍ 4(2), രാഹുല്‍ തെവാത്തിയ 12(6), ഷാരൂഖ് ഖാന്‍ 11(4) എന്നിവര്‍ പെട്ടെന്ന് പുറത്തായി.
എട്ടാം വിക്കറ്റില്‍ റാഷിദ് ഖാന്‍ 24(16) – കാഗിസോ റബാഡ 23*(16) സഖ്യം 30 പന്തുകളില്‍ നിന്ന് 43 റണ്‍സ് കൂട്ടിച്ചേര്‍ത്തത് പ്രതീക്ഷ നല്‍കിയെങ്കിലും റാഷിദ് ഖാന്‍ അവസാന ഓവറില്‍ പുറത്തായത് തിരിച്ചടിയായി.
രണ്ട് പന്തുകളില്‍ ഏഴ് റണ്‍സ് വേണമെന്നിരിക്കെയാണ് റാഷിദ് പുറത്തായത്. അവസാന പന്തില്‍ അശോക് ശര്‍മ്മയ്ക്ക് റണ്ണൊന്നും നേടാന്‍ കഴിഞ്ഞതുമില്ല. റോയല്‍സിനായി രവി ബിഷ്‌ണോയി നാല് വിക്കറ്റുകള്‍ വീഴ്ത്തി ബൗളിംഗില്‍ തിളങ്ങി.
നാന്ദ്രെ ബര്‍ഗര്‍, റിയാന്‍ പരാഗ്, തുഷാര്‍ ദേശ്പാണ്ഡെ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.നേരത്തെ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സാണ് നേടിയത്.
അര്‍ദ്ധ് സെഞ്ച്വറികള്‍ നേടിയ ഓപ്പണര്‍ യശസ്വി ജയ്‌സ്‌വാള്‍ 55(36), വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുരേല്‍ 75(42) എന്നിവരുടെ മികവിലാണ് രാജസ്ഥാന്‍ കൂറ്റന്‍ സ്‌കോര്‍ നേടിയത്.



