അഹമ്മദാബാദ്:ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റന്‍സിന് തോല്‍വി.ലക്നൗ സൂപ്പര്‍ ജയന്റ്സിന് ജയം. 236 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്തിന് 9 വിക്കറ്റ് നഷ്ടത്തിൽ 202 റൺസ് നേടാനെ സാധിച്ചുള്ളൂ. ലക്നൗവിന് 33 റൺസ് വിജയം. 57 റൺസ് നേടിയ ഷാറൂഖ് ഖാനാണ് ഗുജറാത്തിന്റെ ടോപ് സ്കോറര്‍. പവര്‍ പ്ലേയിൽ തകര്‍പ്പൻ പ്രകടനമാണ് ഗുജറാത്ത് ബാറ്റര്‍മാര്‍ പുറത്തെടുത്തത്. 6 ഓവറുകൾ പൂര്‍ത്തിയായപ്പോള്‍ ഗുജറാത്ത് ഒരു വിക്കറ്റ് നഷ്ടത്തിൽ 67 റൺസ് എന്ന നിലയിലായിരുന്നു. ടൂര്‍ണമെന്റിലുടനീളം തകര്‍പ്പൻ ഫോമിലായിരുന്ന സായ് സുദര്‍ശന്റെ (21) വിക്കറ്റാണ് ഗുജറാത്തിന് ആദ്യം നഷ്ടമായത്. ഇതോടെ ക്രീസിലൊന്നിച്ച ഗിൽ-ബട്ലര്‍ സഖ്യം ഇന്നിംഗ്സ് മുന്നോട്ട് കൊണ്ടുപോയി. 20 പന്തുകൾ നേരിട്ട ഗിൽ 35 റൺസുമായി പുറത്താകുമ്പോൾ ഗുജറാത്ത് 8 ഓവറിൽ 85 റൺസിൽ എത്തിയിരുന്നു.
18 പന്തിൽ നിന്ന് 33 റൺസെടുത്ത ബ്ടലറെ ആകാശ് സിംഗ് മടക്കിയയച്ചു. ഇതോടെ ഇന്നിംസിന്റെ ഉത്തരവാദിത്തം റൂഥര്‍ഫോര്‍ഡും ഷാറൂഖ് ഖാനും ഏറ്റെടുത്തു. മികച്ച രീതിയിൽ ആക്രമണം നടത്തിയ ഷാറൂഖ് ഖാനും റൂഥര്‍ഫോര്‍ഡും ലക്നൗവിന് കടുത്ത വെല്ലുവിളി ഉയര്‍ത്തി. 40 പന്തിൽ നിന്ന് 86 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. 16-ാം ഓവറിൽ റൂഥര്‍ഫോര്‍ഡിനെ വിൽ ഓറുര്‍കെ പുറത്താക്കി. 22 പന്തിൽ 38 റൺസ് നേടിയാണ് റൂഥര്‍ഫോര്‍ഡ് മടങ്ങിയത്. തൊട്ടുപിന്നാലെ ഷാറൂഖ് ഖാൻ 22 പന്തിൽ അര്‍ധ സെഞ്ച്വറി നേടി. 17-ാം ഓവറിന്റെ അവസാന പന്തിൽ രാഹുൽ തെവാട്ടിയയെയും വിൽ ഓറുര്‍കെ മടക്കിയയച്ചു. 29 പന്തിൽ 57 റൺസ് നേടിയ ഷാറൂഖ് ഖാനെ ആവേശ് ഖാൻ പുറത്താക്കി