
‘അവന്‍ വിരമിക്കേണ്ട സമയം കഴിഞ്ഞു’; ഐപിഎല്ലില്‍ മോശം പ്രകടനം തുടരുന്ന മുംബൈ ഇന്ത്യൻസ് താരം രോഹിത് ശര്‍മക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യൻ താരം വീരേന്ദര്‍ സെവാഗ്
മുംബൈ: ഐപിഎല്ലില്‍ മോശം പ്രകടനം തുടരുന്ന മുംബൈ ഇന്ത്യൻസ് താരം രോഹിത് ശര്‍മക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യൻ താരം വീരേന്ദര്‍ സെവാഗ്. തന്‍റെ ലെഗസി നിലനിര്‍ത്തണമെങ്കില്‍ രോഹിത് എത്രയും വേഗം വിരമിക്കണമെന്ന് സെവാഗ് ക്രിക് ബസിലെ ചര്‍ച്ചയില്‍ പറഞ്ഞു.
കഴിഞ്ഞ 10 വര്‍ഷത്തിനിടയിലെ രോഹിത്തിന്‍റെ ഐപിഎല്‍ പ്രകടനം നോക്കിയാല്‍ 400 റണ്‍സിലധികം സ്കോര്‍ ചെയ്തത് ഒരേയൊരു സീസണില്‍ മാത്രമാണെന്നും സെവാഗ് ചൂണ്ടിക്കാട്ടി. രോഹിത് 500-700 റണ്‍സ് ഒരു സീസണില്‍ സ്കോര്‍ ചെയ്യുന്ന കളിക്കാരനല്ല.
ഇന്ത്യൻ ക്യാപ്റ്റനായപ്പോള്‍ രോഹിത് പറഞ്ഞത്, പവര്‍പ്ലേയില്‍ അടിച്ചുതകര്‍ക്കാനാണ് താന്‍ ശ്രമിക്കുക എന്നാണ്. ടീമിനായി സ്വന്തം വിക്കറ്റ് ബലികഴിക്കാനും താന്‍ തയാറാണെന്ന് രോഹിത് വ്യക്തമാക്കിയിരുന്നു. പക്ഷെ രോഹിത് മനസിലാക്കേണ്ട ഒരു കാര്യമുണ്ട്. ടീമിനായി തകര്‍ത്തടിക്കാന്‍ ശ്രമിച്ച് വിക്കറ്റ് കളഞ്ഞാലും അവസാനം അത് അദ്ദേഹത്തിന്‍റെ തന്നെ കരിയറിനെയാണ് ബാധിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇപ്പോള്‍ തന്നെ അദ്ദേഹം വിരിമിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വിരമിക്കുന്നതിന് മുമ്പ് ആരാധകര്‍ക്ക് ഓര്‍ത്തുവെക്കാന്‍ എന്തെങ്കിലും അദ്ദേഹം ചെയ്തേ പറ്റു. അല്ലാതെ അദ്ദേഹത്തെ എന്തിനാണ് നിലനിര്‍ത്തുന്നത് എന്ന് ആരാധകരെക്കൊണ്ട് പറയിപ്പിക്കരുത്. ക്രീസില്‍ 10 പന്തുകള്‍ അധികം കളിച്ചാലും വലിയൊരു ഇന്നിംഗ്സ് കളിക്കാന്‍ രോഹിത് ശ്രമിക്കണം. പുള്‍ ഷോട്ട് കളിക്കാന്‍ ശ്രമിച്ച് രോഹിത് നിരവധി തവണ പുറത്താവുന്നത് നമ്മള്‍ കണ്ടു. അതുകൊണ്ട് ഒരു ഇന്നിംഗ്സിലെങ്കിലും പുള്‍ ഷോട്ട് കളിക്കില്ലെന്ന് അദ്ദേഹം തീരുമാനിക്കണം.
പക്ഷെ അത് അദ്ദേഹത്തോടാര് പറയുമെന്നതാണ് പ്രശ്നം. സാധാരണ രീതിയില്‍ കളിക്കാന്‍ രോഹിത്തിനോട് ആരെങ്കിലും പറഞ്ഞെ മതിയാവു. ഞാന്‍ കളിച്ചിരുന്ന കാലത്ത്, സച്ചിനും ദ്രാവിഡും ഗാംഗുലിയുമെല്ലാം എന്നോട് സാധാരണരീതിയില്‍ കളിക്കാന്‍ ആവശ്യപ്പെടുമായിരുന്നു-സെവാഗ് പറഞ്ഞു. ഇന്നലെ സണ്‍റൈസേഴ്സ് ഹൈദരബാദിനെതിരായ മത്സരത്തില്‍ മൂന്ന് സിക്സുകള്‍ പറത്തി നല്ല തുടക്കമിട്ടെങ്കിലും പവര്‍ പ്ലേ പിന്നിടും മുമ്പ് 26 റണ്‍സുമായി രോഹിത് പുറത്തായിരുന്നു. ഹൈദരാബാദ് ക്യാപ്റ്റന്‍ പാറ്റ് കമിന്‍സിന്‍റെ ഫുള്‍ടോസിലാണ് രോഹിത് ഹെഡിന് ക്യാച്ച് നല്‍കി പുറത്തായത്. സീസണില്‍ ഇതുവരെ കളിച്ച ആറ് കളികളില്‍ 0, 8, 13, 17, 18, 26 എന്നിങ്ങനെ 13.66 ശരാശരിയില്‍ 82 റണ്‍സ് മാത്രമാണ് രോഹിത് നേടിയത്.