ബെംഗളൂരു: ഐപിഎല്ലില്‍ പ്ലേ ഓഫിലെത്താനുള്ള പോരാട്ടം അവസാന റൗണ്ടിലെത്തുമ്പോള്‍ നിലവിലെ ചാമ്പ്യൻമാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് കൂടി പ്ലേ ഓഫിലെത്താതെ പുറത്തായി. ഇന്നലെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരം മഴമൂലം ഒരു പന്തുപോലും എറിയാതെ ഉപേക്ഷിച്ചതോടെയാണ് കൊല്‍ക്കത്ത പ്ലേ ഓഫിലെത്താതെ പുറത്തായത്. മത്സരം ഉപേക്ഷിച്ചതോടെ ആര്‍സിബി 17 പോയന്‍റുമായി പ്ലേ ഓഫ് ഉറപ്പിച്ചു.
അതേസമയം, ഇന്നത്തെ മത്സരഫലങ്ങള്‍ മൂന്ന് ടീമുകളുടെ പ്ലേ ഓഫ് ഭാവിയില്‍ തിരുമാനിക്കാനും സാധ്യതയുണ്ട്. ഇന്നത്തെ മത്സരത്തില്‍ പഞ്ചാബ് കിംഗ്സ്, രാജസ്ഥാൻ റോയല്‍സിനെ തോല്‍പ്പിച്ചാല്‍ ആര്‍സിബിക്കൊപ്പം 17 പോയന്‍റുമായി പഞ്ചാബ് പ്ലേ ഓഫിലെത്തും. രണ്ടാം മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ തോല്‍പ്പിച്ചാല്‍ 18 പോയന്‍റുമായി ഒന്നാമതെത്തുന്ന ഗുജറാത്തും പ്ലേ ഓഫിലെത്തും.
ഇതോടെ പ്ലേ ഓഫിലെ അവസാന സ്ഥാനത്തിനായി 14 പോയന്‍റുള്ള മുംബൈ, 13 പോയന്‍റുള്ള ഡല്‍ഹി 10 പോയന്‍റുള്ള ലക്നൗ എന്നീ ടീമുകള്‍ തമ്മിലാവും മത്സരം. ലക്നൗവിന് ശേഷിക്കുന്ന എല്ലാ മത്സരവും ജയിച്ചാലും 16 പോയന്‍റെ നേടാനാവു എന്നതിനാല്‍ പ്ലേ ഓഫ് സാധ്യത തുലാസിലാണ്. 14 പോയന്‍റുള്ള മുംബൈക്കാകട്ടെ ശേഷിക്കുന്ന രണ്ട് കളികളും ജയിച്ചാല്‍ 18 പോയന്‍റുമായി പ്ലേ ഓഫിലെത്താം. എന്നാല്‍ ഇതില്‍ രണ്ട് മത്സരങ്ങള്‍ ഒന്ന് പഞ്ചാബിനും മറ്റൊന്ന് ഡല്‍ഹിക്കുമെതിരെയാണ്. ഇതില്‍ ഒരു കളി തോറ്റാല്‍ മുംബൈയുടെ പ്ലേ ഓഫ് സാധ്യതയും മങ്ങും. എന്നാല്‍ ഇന്നത്തെ മത്സരങ്ങളില്‍ പഞ്ചാബ് രാജസ്ഥാനെ തോല്‍പിക്കുകയും ഡല്‍ഹി ഗുജറാത്തിനെ തോല്‍പ്പിക്കുകയും ചെയ്താല്‍ ഒരു ടീമും പ്ലേ ഓഫ് ഉറപ്പിക്കില്ലെന്നതും ശ്രദ്ധേയമാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group