
കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൂറ്റന്‍ സ്‌കോര്‍ കണ്ട മത്സരത്തില്‍ കൊല്‍ക്കത്തയെ നാല് റണ്‍സിന് തോല്‍പ്പിച്ച് ലക്‌നൗ.
ആദ്യം ബാറ്റ് ചെയ്ത ലക്‌നൗ ഉയര്‍ത്തിയ 239 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയുടെ മറുപടി 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സ് എന്ന സ്‌കോറില്‍ അവസാനിച്ചു. മദ്ധ്യ ഓവറുകളില്‍ കൃത്യമായ ഇടവേളകളിലെ വിക്കറ്റ് വീഴ്ചയാണ് കൊല്‍ക്കത്തയ്ക്ക് തിരിച്ചടിയായി മാറിയത്.
239 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയ്ക്ക് ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിന്റെ 15(9) വിക്കറ്റാണ് ആദ്യം നഷ്ടമായത്. സുനില്‍ നരെയ്ന്‍ 30(13) റണ്‍സ് നേടിയ പുറത്തായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ക്യാപ്റ്റന്‍ അജിങ്ക്യ റഹാനെ 61(35) അര്‍ദ്ധ സെഞ്ച്വറി നേടിയപ്പോള്‍ വെങ്കിടേഷ് അയ്യര്‍ 45(29) റണ്‍സ് നേടി പുറത്തായി. രമണ്‍ദീപ് സിംഗ് 1(2), അന്‍ക്രിഷ് രഘുവംശി 5(4) എന്നിവര്‍ പെട്ടെന്ന് പുറത്തായപ്പോള്‍ 15.2 ഓവറില്‍ കൊല്‍ക്കത്തയുടെ സ്‌കോര്‍ 177ന് ആറ് എന്ന നിലയിലേക്ക് വീണു. ആന്ദ്രേ റസല്‍ 7(4) കൂടി പുറത്തായതോടെ കൊല്‍ക്കത്തയുടെ നില പരുങ്ങലിലായി.
അവസാന രണ്ട് ഓവറില്‍ ജയിക്കാന്‍ 38 റണ്‍സ് വേണമായിരുന്നു കൊല്‍ക്കത്തയ്ക്ക്. ആവേശ് ഖാന്‍ എറിഞ്ഞ 19ാം ഓവറില്‍ ഒരു സിക്‌സും രണ്ട് ബൗണ്ടറിയും സഹിതം റിങ്കു സിംഗ് അടിച്ചെടുത്തത് 14 റണ്‍സ്. രവി ബിഷ്‌ണോയ് എറിഞ്ഞ അവസാന ഓവറില്‍ ജയത്തിലേക്ക് വേണ്ടിയിരുന്നത് 24 റണ്‍സ്.
ആദ്യ പന്തില്‍ ഹര്‍ഷിത് റാണ ബൗണ്ടറി നേടി. അടുത്ത രണ്ട് പന്തുകളില്‍ നിന്ന് നേടാനായത് ഒരു റണ്‍സ്. അവസാന മൂന്ന് പന്തുകളില്‍ റിങ്കു സിംഗ് രണ്ട് ബൗണ്ടറിയും ഒരു സിക്‌സും പറത്തിയെങ്കിലും നാല് റണ്‍സ് അകലെ കെകെആര്‍ വീണു.