
സ്വന്തം ലേഖകൻ
ജയ്‌പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ വിജയം നേടി സണ്‍റൈസേഴ്സ് ഹൈദരാബാദ്. 214 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സണ്‍റൈസേഴ്സ് ആറ് വിക്കറ്റ് നഷ്ടത്തില്‍ അവസാന പന്തിലെ തകര്‍പ്പന്‍ സിക്സിന്റെ മികവിലാണ് വിജയം പിടിച്ചെടുത്തത്.
അര്‍ധ സെഞ്ച്വറിയുമായി തിളങ്ങിയ അഭിഷേക് ശര്‍മയും (55), മധ്യ ഓവറുകളില്‍ കളം നിറഞ്ഞ രാഹുല്‍ ത്രിപാഠിയും (47) അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ഗ്ലെന്‍ ഫിലിപ്സും (7 പന്തില്‍ 25) ചേര്‍ന്നാണ് ഹൈദരാബാദിന് മികച്ച വിജയം സമ്മാനിച്ചത്. സന്ദീപ് സിങ് എറിഞ്ഞ അവസാന ഓവറില്‍ ജയിക്കാന്‍ 17 റണ്‍സ് വേണമെന്നിരിക്കെ തകര്‍പ്പനടികള്‍ കൊണ്ട് കളംനിറഞ്ഞ അബ്ദുസ്സമദാണ് ഹൈദരാബാദിന് ആവേശജയം സമ്മാനിച്ചത്. ഹൈദരാബാദിന് അവസാന പന്തില്‍ ജയിക്കാന്‍ അഞ്ച് റണ്‍സ് വേണമായിരുന്നു. നിര്‍ണായക നിമിഷത്തില്‍ സന്ദീപ് സിങ് ഒരു നോബോള്‍ എറിഞ്ഞതാണ് രാജസ്ഥാന് വിനയായത്. ഫ്രീഹിറ്റ് ബോള്‍ അബ്ദുസ്സമദ് സിക്സര്‍ പറത്തി ഹൈദരാബാദിനെ വിജയതീരമണക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ രാജസ്ഥാന്‍ നായകന്‍ സഞ്‌ജു സാംസണിന്‍റേയും ജോസ് ബട്‌ലറുടേയും അര്‍ധ സെഞ്ചുറിക്കരുത്തില്‍ നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 214 റണ്‍സാണ് നേടിയത്. 58 പന്തില്‍ 95 റണ്‍സ് അടിച്ച് കൂട്ടിയ ജോസ് ബട്‌ലറാണ് രാജസ്ഥാന്‍റെ ടോപ് സ്‌കോറര്‍. 38 പന്തില്‍ പുറത്താവാതെ 66 റണ്‍സാണ് സഞ്‌ജു സാംസണിന്‍റെ സമ്പാദ്യം. കലക്കന്‍ തുടക്കമായിരുന്നു രാജസ്ഥാന്‍ റോയല്‍സിന് ലഭിച്ചത്. ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 61 റണ്‍സായിരുന്നു പവര്‍പ്ലേ പിന്നിടുമ്ബോള്‍ രാജസ്ഥാന് നേടാന്‍ കഴിഞ്ഞത്. 20-ാം ഓവറില്‍ ടി നടരാജനെതിരെ ഒരു സിക്‌സും രണ്ട് ഫോറുകളും നേടിയ സഞ്‌ജു ക്ഷീണം തീര്‍ത്തതോടെയാണ് രാജസ്ഥാന്‍ വമ്ബന്‍ സ്‌കോര്‍ ഉറപ്പിച്ചത്. സഞ്‌ജുവിനൊപ്പം 5 പന്തില്‍ 7* റണ്‍സുമായി ഷിമ്രോണ്‍ ഹെറ്റ്‌മയറും പുറത്താവാതെ നിന്നു. ഹൈദരാബാദിനായി ഭുവനേശ്വര്‍ കുമാര്‍, മാര്‍ക്കോ ജാന്‍സെന്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം നേടി.
ഹൈദരാബാദ് ഇന്നിങ്സിന്‍റെ അവസാന രണ്ടോവറുകളാണ് മത്സരത്തില്‍ ഏറെ നിര്‍ണായകമായത്. കുല്‍ദീപ് യാദവ് എറിഞ്ഞ 19 ാം ഓവറില്‍ ഗ്ലെന്‍ ഫിലിപ്സ് തുടര്‍ച്ചയായി മൂന്ന് സിക്സും ഒരു ഫോറും പറത്തി. അഞ്ചാം പന്തില്‍ ഫിലിപ്സ് മടങ്ങി. എന്നാല്‍ പിന്നീട് ക്രീസിലെത്തിയ മാര്‍കോ ജാന്‍സണെ കൂട്ടുപിടിച്ച് അബ്ദുസ്സമദ് ടീമിനെ വിജയതീരമണക്കുകയായിരുന്നു. ഹൈദരാബാദിനായി അഭിഷേക് ശര്‍മ അര്‍ധസെഞ്ച്വറി കുറിച്ചു. ഐ.പി.എല്ലില്‍ ജയ്പൂര്‍ സ്റ്റേഡിയത്തില്‍ പിറവിയെടുക്കുന്ന ഏറ്റവും ഉയര്‍ന്ന സ്കോറും ഏറ്റവും ഉയര്‍ന്ന റണ്‍ ചേസിങ്ങുമാണിത്. തോല്‍വിയോടെ രാജസ്ഥാന്‍റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു.