അടിച്ച് തകര്‍ത്ത് എം എസ് ധോണി; മത്സരം ജയിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്; ഐപിഎല്‍ സീസണില്‍ ആദ്യ തോല്‍വി ഏറ്റുവാങ്ങി ചാമ്പ്യന്‍മാർ; ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ മുട്ടുകുത്തിച്ചത് 20 റണ്‍സിന്
വിശാഖപട്ടണം: തുടര്‍ച്ചയായി രണ്ട് മത്സരങ്ങള്‍ വിജയിച്ച ശേഷം ഐപിഎല്‍ സീസണില്‍ ആദ്യ തോല്‍വി ഏറ്റുവാങ്ങി നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്.
ഡല്‍ഹി ക്യാപിറ്റല്‍സാണ് ചെന്നൈയെ 20 റണ്‍സിന് പരാജയപ്പെടുത്തിയത്. 192 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈക്ക് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ.
തോറ്റെങ്കിലും എംഎസ് ധോണിയുടെ വെടിക്കെട്ട് ബാറ്റിംഗ് ചെന്നൈ ആരാധകര്‍ക്ക് ആവേശം പകര്‍ന്നു. 16 പന്തില്‍ മൂന്ന് സിക്‌സ്, നാല് ഫോര്‍ ഉള്‍പ്പെടെ 37 റണ്‍സാണ് എംഎസ്ഡി അടിച്ചെടുത്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈയുടെ തുടക്കം മികച്ചതായിരുന്നില്ല. ആദ്യ മൂന്നോവറില്‍ വെറും ഏഴ് റണ്‍സ് മാത്രം നേടിയപ്പോള്‍ ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്‌വാദ് 1(2), രചിന്‍ രവീന്ദ്ര 2(12) എന്നിവര്‍ പുറത്തായി.
എന്നാല്‍ പിന്നീട് അജിങ്ക്യ റഹാനെ 45(30), ഡാരില്‍ മിച്ചല്‍ 34(26) എന്നിവര്‍ ടീമിനെ കരകയറ്റി. അക്‌സറിന്റെ പന്തില്‍ മിച്ചല്‍ പുറത്തായപ്പോള്‍ 68 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. പിന്നീട് 14ാം ഓവറില്‍ മുകേഷ് കുമാര്‍ ചെന്നൈക്ക് ഇരട്ടപ്രഹരം ഏല്‍പ്പിച്ച് അടുത്തടുത്ത പന്തുകളില്‍ റഹാനെ, സമീര്‍ റിസ്‌വി 0(1) എന്നിവരെ മടക്കി.
പിന്നീട് ശിവം ദൂബെ 18(17) യെയും മുകേഷ് കുമാര്‍ മടക്കി. രവീന്ദ്ര ജഡേജ 21*(17), എംഎസ് ധോണി 37*(16) എന്നിവര്‍ പുറത്താകാതെ നിന്നുവെങ്കിലും വിജയലക്ഷ്യത്തിലേക്ക് ചെന്നൈയെ എത്തിക്കാന്‍ ഇരുവര്‍ക്കും കഴിഞ്ഞില്ല. ഡല്‍ഹിക്കായി മുകേഷ് കുമാര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഖലീല്‍ അഹ്മദ് രണ്ട് വിക്കറ്റും, അക്‌സര്‍ പട്ടേല്‍ ഒരു വിക്കറ്റും വീഴ്ത്തി.