video
play-sharp-fill

സഞ്ജുവിന് ഫിറ്റ്നസ് ക്ലിയറൻസ്, അടുത്ത മത്സരത്തില്‍ രാജസ്ഥാനെ നയിക്കും; ഐപിഎല്ലിന്റെ 18ാം സീസണില്‍ ഒരു ജയം മാത്രം നേടി തിരിച്ചടി നേരിടുന്ന രാജസ്ഥാൻ റോയല്‍സിന് ആശ്വാസം!

സഞ്ജുവിന് ഫിറ്റ്നസ് ക്ലിയറൻസ്, അടുത്ത മത്സരത്തില്‍ രാജസ്ഥാനെ നയിക്കും; ഐപിഎല്ലിന്റെ 18ാം സീസണില്‍ ഒരു ജയം മാത്രം നേടി തിരിച്ചടി നേരിടുന്ന രാജസ്ഥാൻ റോയല്‍സിന് ആശ്വാസം!

Spread the love

ഐപിഎല്ലിന്റെ പതിനെട്ടാം സീസണില്‍ ഒരു ജയം മാത്രം നേടി തിരിച്ചടി നേരിടുന്ന രാജസ്ഥാൻ റോയല്‍സിന് ആശ്വാസം. മലയാളി താരവും നായകനുമായ സഞ്ജു സാംസണ്‍ അടുത്ത മത്സരം മുതല്‍ വിക്കറ്റ് കീപ്പിങ് ചെയ്യാനുള്ള അനുമതി ബിസിസിഐയുടെ സെന്റർ ഫോർ എക്സലൻസ് നല്‍കി. ഇതോടെ നായകസ്ഥാനത്തേക്കും സഞ്ജുവിന് മടങ്ങി വരാൻ കഴിയും. വിരലിന് പരുക്കേറ്റതിനെ തുടർന്ന് രാജസ്ഥാന്റെ ആദ്യ മൂന്ന് മത്സരങ്ങളിലും സഞ്ജു ഇംപാക്ട് പ്ലെയറായാണ് കളത്തിലെത്തിയത്. സഞ്ജുവിന്റെ അഭാവത്തില്‍ യുവതാരം റിയാൻ പരാഗായിരുന്നു ടീമിനെ നയിച്ചത്. വിക്കറ്റ് കീപ്പർ റോളില്‍ ദ്രുവ് ജൂറലുമായിരുന്നു രാജസ്ഥാനായി കളത്തിലെത്തിയത്.

നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലെത്തി സഞ്ജു കായിക ക്ഷമത തെളിയിച്ചതായാണ് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. രാജസ്ഥാന്റെ അടുത്ത മത്സരം മികച്ച ഫോമിലുള്ള പഞ്ചാബ് കിങ്സുമായാണ്. ഇതുവരെ ടൂർണമെന്റില്‍ തോല്‍വിയറിയാത്ത പഞ്ചാബിനെ നേരിടാനിറങ്ങുമ്പോള്‍ സഞ്ജുവിന്റെ സാന്നിധ്യം രാജസ്ഥാന്റെ ആത്മവിശ്വാസം വർധിപ്പിക്കും. പരുക്ക് പൂർണമായി വിട്ടുമാറാതെയായിരുന്നു സഞ്ജുവിന് കളിക്കാനുള്ള അനുമതി ലഭിച്ചിരുന്നത്.

ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ സഞ്ജു തിളങ്ങിയിരുന്നു. 66 റണ്‍സുമായാണ് സഞ്ജു പുറത്തായത്. എന്നാല്‍, പിന്നീട് നടന്ന രണ്ട് മത്സരങ്ങളിലും സഞ്ജു നിരാശപ്പെടുത്തുകയായിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 13 റണ്‍സും ചെന്നൈ സൂപ്പർ കിങ്സിനെതിരെ 20 റണ്‍സുമായിരുന്നു വലം കയ്യൻ ബാറ്ററുടെ സമ്പാദ്യം. ഹൈദരാബാദിനോടും കൊല്‍ക്കത്തയോടും പരാജയപ്പെട്ടെങ്കിലും ചെന്നൈയെ പരാജയപ്പെടുത്തി സീസണിലെ ആദ്യ ജയം സ്വന്തമാക്കാൻ രാജസ്ഥാന് സാധിച്ചിരുന്നു.