
തകർന്നടിഞ്ഞ് ചെന്നൈ സൂപ്പർ കിങ്സ് ; എട്ട് വിക്കറ്റിന്റെ ദയനീയ തോൽവി ; കൊല്‍ക്കത്ത വിജയലക്ഷ്യം മറികടന്നത് 10.1 ഓവറില്‍ ; സൂപ്പര്‍ കിങ്സിന് സീസണിലെ അഞ്ചാം തോല്‍വി
ചെന്നൈ: മഹേന്ദ്ര സിങ് ധോനി നായകനായി തിരിച്ചെത്തിയ മത്സരത്തിൽ തകർന്നടിഞ്ഞ് ചെന്നൈ സൂപ്പർ കിങ്സ്. എട്ട് വിക്കറ്റിന്റെ ദയനീയ തോൽവിയാണ് ടീം ഏറ്റുവാങ്ങിയത്. ചെന്നൈ ഉയർത്തിയ 104 റൺസ് വിജയലക്ഷ്യം 10.1 ഓവറിൽ രണ്ടുവിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കൊല്‍ക്കത്ത മറികടന്നു. മൂന്നുവിക്കറ്റും 44 റൺസുമെടുത്ത സുനിൽ നരെയ്നാണ് കൊൽക്കത്തയ്ക്കായി തിളങ്ങിയത്. ആറ് മത്സരങ്ങളില്‍ നിന്ന് ഒരു ജയം മാത്രമാണ് ചെന്നൈക്ക് സ്വന്തമാക്കാനായത്.
ചെന്നൈ ഉയർത്തിയ 104 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കൊൽക്കത്തയുടെത് തകർപ്പൻ തുടക്കമായിരുന്നു. ഓപ്പണർമാരായ ക്വിന്റൺ ഡി കോക്കും സുനിൽ നരെയ്നും പവർപ്ലേയിൽ അടിച്ചുതകർത്തു. ടീം നാലോവറിൽ 46 റൺസിലെത്തി. എന്നാൽ അഞ്ചാം ഓവറിലെ ആദ്യ പന്തിൽ ഡി കോക്കിനെ അൻഷുൽ കാംബോജ് ബൗൾഡാക്കി. 16 പന്തില്‍ നിന്ന് മൂന്ന് സിക്‌സറുകളുടെ അകമ്പടിയോടെ 23 റണ്‍സാണ് ഡി കോക്കിന്റെ സമ്പാദ്യം.
എന്നാൽ സുനിൽ നരെയ്നും നായകൻ അജിങ്ക്യ രഹാനെയും വെടിക്കെട്ട് തുടർന്നതോടെ കൊൽക്കത്ത അനായാസം ജയത്തിലേക്ക് കുതിച്ചു. സുനില്‍ നരെയ്‌നെ പുറത്താക്കിയെങ്കിലും ഫലമുണ്ടായില്ല. രഹാനെയും റിങ്കു സുങ്ങും ടീമിനെ വിജയതീരത്തെത്തിച്ചു. 18 പന്തില്‍ നിന്ന് 44 റണ്‍സെടുത്താണ് നരെയ്ന്‍ മടങ്ങിയത്. ഒടുവില്‍ 10.1 ഓവറില്‍ രണ്ടുവിക്കറ്റ് നഷ്ടത്തില്‍ കൊല്‍ക്കത്ത ലക്ഷ്യത്തിലെത്തി. രഹാനെ 20 റണ്‍സും റിങ്കു സിങ് 15 റണ്‍സുമായി പുറത്താവാതെ നിന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യം ബാറ്റുചെയ്ത ചെന്നൈ നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സാണെടുത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയുടെ തുടക്കം തന്നെ പാളി. 16 റണ്‍സിനിടെ തന്നെ ടീമിന് രണ്ട് വിക്കറ്റ് നഷ്ടമായി. രചിന്‍ രവീന്ദ്രയെ(4) ഹര്‍ഷിത് റാണയും ഡെവോണ്‍ കോണ്‍വെയെ(12) മോയീന്‍ അലിയും പുറത്താക്കി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒന്നിച്ച രാഹുല്‍ ത്രിപതിയും വിജയ് ശങ്കറും ടീമിനെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റി.
ഇരുവരും ചേര്‍ന്ന് പതിയെ സ്‌കോറുയര്‍ത്തി. സ്‌കോര്‍ 59 ല്‍ നില്‍ക്കേ വിജയ് ശങ്കര്‍ പുറത്തായത് ചെന്നൈയെ പ്രതിരോധത്തിലാക്കി. 21 പന്തില്‍ നിന്ന് 29 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. വിജയ് ശങ്കര്‍ പുറത്തായതിന് പിന്നാലെ ബാറ്റര്‍മാര്‍ നിരനിരയായി കൂടാരം കയറുന്നതാണ് ചെപ്പോക്കില്‍ കണ്ടത്. രാഹുല്‍ ത്രിപതി(16), രവിചന്ദ്രന്‍ അശ്വിന്‍(1), രവീന്ദ്ര ജഡേജ(0) ദീപക് ഹൂഡ(0) എന്നിവര്‍ വേഗം മടങ്ങി. അതോടെ ടീം 72-7 എന്ന നിലയിലായി.
അതിന് ശേഷമാണ് നായകന്‍ ധോനി ബാറ്റിങ്ങിനിറങ്ങിയത്. എന്നാല്‍ ആരാധകരെ നിരാശരാക്കിക്കൊണ്ട് ധോനി ഒരു റണ്‍ മാത്രമെടുത്ത് മടങ്ങി. പിന്നാലെ നൂര്‍ അഹമ്മദും(1) കൂടാരം കയറിയതോടെ ടീം 79-9 എന്ന നിലയിലേക്ക് വീണു. ശിവം ദുബെയുടെ ഇന്നിങ്‌സാണ് ചെന്നൈക്ക് അല്‍പ്പമെങ്കിലും ആശ്വാസമായത്. ദുബെ 29 പന്തില്‍ നിന്ന് 31 റണ്‍സുമായി പുറത്താവാതെ നിന്നു. നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സിന് ചെന്നൈ ഇന്നിങ്‌സ് അവസാനിച്ചു. നാലോവറില്‍ 13 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റെടുത്ത സുനില്‍ നരെയ്‌നാണ് കെകെആറിനായി തിളങ്ങിയത്. വരുണ്‍ ചക്രവര്‍ത്തിയും ഹര്‍ഷിത് റാണയും രണ്ട് വീതം വിക്കറ്റെടുത്തു.