
ഗുവാഹത്തി: ഐപിഎല്ലിൽ മുംബൈയെ കീഴടക്കി രാജസ്ഥാൻ റോയൽസ്. 27 റൺസിനാണ് ജയം. 11 ഓവർ ആയി ചുരുക്കിയ മത്സരത്തിൽ, രാജസ്ഥാൻ ഉയർത്തിയത് 151 റൺസ് വിജയലക്ഷ്യമായിരുന്നു.
മുബൈയുടെ ഇന്നിങ്സ് 123-9 ന് അവസാനിച്ചു. രാജസ്ഥാന്റെ തുടർച്ചയായ മൂന്നാം ജയമാണിത്. മഴ മൂലം രണ്ടര മണിക്കൂർ വൈകിയാണ് കളി ആരംഭിച്ചത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈയുടെ തുടക്കം തകർച്ചയോടെയായിരുന്നു. ആദ്യ മൂന്നോവറുകളിലും മുംബൈക്ക് വിക്കറ്റ് നഷ്ടമായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആദ്യ ഓവറിൽ റയാൻ റിക്കെൽട്ടണും (8) രണ്ടാം ഓവറിൽ സൂര്യകുമാർ യാദവും (6) മൂന്നാം ഓവറിൽ രോഹിത് ശർമയും (5) പുറത്തായി. അതോടെ മുംബൈ 22-3 എന്ന നിലയിലായി.
പിന്നീട് വന്നവരെല്ലാം നിരനിരയായി മടങ്ങുന്നതാണ് ഗുവാഹത്തിയിൽ കണ്ടത്. ഹാർദിക് പാണ്ഡ്യ 9 റൺസെടുത്തും തിലക് വർമ 14 റൺസെടുത്തും പുറത്തായി.
ആറാം വിക്കറ്റിൽ ഷെർഫെയ്ൻ റൂഥർഫോർഡ്, നമാൻ ധിർ എന്നിവർ ചേർന്ന് കൂട്ടുകെട്ട് പടുത്തുയർത്തിയതാണ് മുംബൈക്ക് അൽപ്പമെങ്കിലും ആശ്വാസമായത്.
എന്നാൽ എട്ടാം ഓവറിൽ റൂഥർഫോർഡ് മടങ്ങിയതോടെ മുംബൈ പരാജയം മണത്തു. എട്ട് പന്തിൽ നിന്ന് 25 റൺസെടുത്താണ് താരം പുറത്തായത്. ഒടുക്കം 11 ഓവറിൽ 123-9 എന്ന നിലയിൽ ഇന്നിങ്സ് അവസാനിച്ചു.
ആദ്യം ബാറ്റുചെയ്ത രാജസ്ഥാൻ 11 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 150 റൺസാണെടുത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ വെടിക്കെട്ടോടെയാണ് തുടങ്ങിയത്.
ദീപക് ചഹാർ എറിഞ്ഞ ആദ്യ ഓവറിൽ യശസ്വി ജയ്‌സ്വാൾ 22 റൺസാണ് അടിച്ചെടുത്തത്. ഒരു സിക്‌സറും നാല് ഫോറുകളും ഓവറിൽ ജയ്‌സ്വാൾ നേടി.
ബുംറ എറിഞ്ഞ രണ്ടാം ഓവറിൽ സിക്‌സറോടെ വൈഭവ് സൂര്യവംശിയും തുടങ്ങി. ഓവറിൽ 14 റൺസാണ് പിറന്നത്. മൂന്നാം ഓവറിലും സമാനമായിരുന്നു സ്ഥിതി.
വൈഭവും ജയ്‌സ്വാളും ചേർന്ന് ട്രെന്റ് ബോൾട്ടിനെ പലകുറി അതിർത്തികടത്തി. മൂന്ന് സിക്‌സറുകളടക്കം ആ ഓവറിലും 22 റൺസാണ് രാജസ്ഥാൻ അടിച്ചെടുത്തത്. അതോടെ സ്‌കോർ 58 ലെത്തി.
എന്നാൽ നാലാം ഓവറിൽ ഹാർദിക് പാണ്ഡ്യ നന്നായി പന്തെറിഞ്ഞു. ആകെ വിട്ടുനൽകിയത് നാല് റൺസ് മാത്രമാണ്. ശാർദുൽ താക്കൂർ എറിഞ്ഞ അഞ്ചാം ഓവറിൽ വൈഭവ് തകർത്തടിച്ചു. ഓവറിൽ 17 റൺസെടുത്ത വൈഭവ് അവസാന പന്തിൽ പുറത്തായി.
14 പന്തിൽ 39 റൺസെടുത്താണ് താരം മടങ്ങിയത്. പിന്നാലെ ധ്രുവ് ജുറേലും(2) കൂടാരം കയറി. വിക്കറ്റുകൾ വീണ് പ്രതിരോധത്തിലായെങ്കിലും മറുവശത്ത് നിലയുറപ്പിച്ച് ബാറ്റേന്തിയ ജയ്‌സ്വാളാണ് ടീമിനെ മുന്നോട്ടുനയിച്ചത്.
എട്ടാം ഓവറിൽ ഫിഫ്റ്റി തികച്ച ജയ്‌സ്വാൾ ടീമിനെ നൂറുകടത്തി. 23 പന്തിലാണ് താരം ഫിഫ്റ്റി സ്വന്തമാക്കിയത്. ക്യാപ്റ്റൻ പരാഗ് 10 പന്തിൽ 20 റൺസെടുത്ത് പുറത്തായി. അവസാനഓവറുകളിൽ ജയ്‌സ്വാൾ തകർത്തടിച്ചതോടെ സ്‌കോർ 150 ലെത്തി.



