
ലഖ്നൗ: ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരേ ഡൽഹി ക്യാപ്പിറ്റൽസിന് അനായാസ ജയം. ഇംപാക്ട് പ്ലെയറായി ബാറ്റിങ്ങിനിറങ്ങിയ സമീർ റിസ്വി അർധ സെഞ്ചുറിയുമായി കളത്തിൽ നിറഞ്ഞുനിന്നു.
142 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഡൽഹി 17.1 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. 47 പന്തിൽ 70 റൺസുമായി പുറത്താകാതെ നിന്ന റിസ്വിയാണ് കളിയിലെ താരം. 4.3 ഓവറിൽ നാലിന് 26 റൺസെന്ന നിലയിൽ നിന്നാണ് ഡൽഹിയ റിസ്വി കരകയറ്റിയത്.
കെ.എൽ. രാഹുൽ ആദ്യ പന്തിൽ പൂജ്യത്തിന് പുറത്തായി. നിതീഷ് റാണ (15), പതും നിസംഗ (ഒന്ന്), ക്യാപ്റ്റൻ അക്ഷർ പട്ടേൽ (പൂജ്യം) എന്നിവരേയാണ് ഡൽഹിക്ക് തുടക്കത്തിൽ നഷ്ടമായത്. ലഖ്നൗ മികച്ച വിജയം പ്രതീക്ഷിച്ചിരുന്നിടത്തു നിന്നാണ് റിസ്വി ഡൽഹിയെ വിജയത്തിലെത്തിച്ചത്. ട്രിസ്റ്റൻസ് സ്റ്റബ്സ് റിസ്വിക് പിന്തുണയുമായി ക്രീസിൽ നിറഞ്ഞു നിന്നു. 32 പന്തിൽ 39 റൺസാണ് സ്റ്റബ്സ് നേടിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
18.4 ഓവറിൽ 141 റൺസിന് ലഖ്നൗ നിരയിലെ എല്ലാവരും പുറത്തായിരുന്നു. ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ഡൽഹി നായകൻ അക്ഷർ പട്ടേലിന്റെ തീരുമാനം ശരിവയ്ക്കുന്ന പ്രകടനമാണ് ഡൽഹി ബൗളർമാർ കാഴ്ചവെച്ചത്. ലഖ്നൗ നിരയിൽ അബ്ദുൽ സമദും മിച്ചൽ മാർഷുമൊഴികെ എല്ലാവരും നിരാശപ്പെടുത്തി.
25 പന്തിൽ 36 റൺസെടുത്ത അബ്ദുൽ സമദും 28 പന്തിൽ 35 റൺസെടുത്ത മിച്ചൽ മാർഷുമാണ് ടോപ് സ്കോറർമാർ. നായകൻ ഋഷഭ് പന്ത് (7), എയ്ഡൻ മാർക്രം (11), നിക്കോളാസ് പുരാൻ (8), മുകുൾ ചൗധരി (14), മുഹമ്മദ് ഷമി (1) തുടങ്ങിയവരെല്ലാം കുറഞ്ഞ സ്കോറിൽ കൂടാരംകയറി. ആയുഷ് ബദോനിയും ആന്റിച്ച് നോർക്യയും മുഹ്സൻ ഖാനും റണ്ണൊന്നുമെടുക്കാതെയും മടങ്ങി. 15 റൺസുമായി ഷഹബാസ് അമൻ പുറത്താകാതെ നിന്നു.
ഡൽഹിക്കായി ലുങ്കി എൻഗിഡിയും ടി. നടരാജനും മൂന്നുവീതം വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ കുൽദീപ് യാദവ് രണ്ട് വിക്കറ്റുകൾ നേടി. അക്ഷർ പട്ടേൽ ഒരു വിക്കറ്റും സ്വന്തമാക്കി. മുകേഷ് കുമാർ വിക്കറ്റൊന്നും നേടിയില്ലെങ്കിലും മൂന്നോവറിൽ വെറും 17 റൺസ് മാത്രം വഴങ്ങി ലഖ്നൗവിനെ സമ്മർദത്തിലാക്കി. അക്ഷറും മൂന്നോവറിൽ 17 റൺസാണ് വഴങ്ങിയത്.



