വിവരങ്ങള്‍ ചോർത്താനും കബളിപ്പിക്കപ്പെടാനും സാധ്യത ; ഐഫോണ്‍ ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക; സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍
സ്വന്തം ലേഖകൻ
ആപ്പിളിൻ്റെ വിവിധ ഉല്പന്നങ്ങള് ഉപയോഗിക്കുന്നവർക്ക് സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാരിൻ്റെ കമ്പ്യൂട്ടർ എമർജൻസി റെസ്പോണ്‍സ് ടീം (CERT-In).
ഐഫോണ്‍, ഐപാഡ്, വിഷൻ പ്രോ, മാക്ബുക്ക്, ആപ്പിള്‍ വാച്ച്, ആപ്പിള്‍ ടിവി എന്നിവയുടെ ഉപയോക്താക്കളെ ബാധിച്ചേക്കാവുന്ന ഒന്നിലധികം ഗുരുതരമായ തകരാറുകളാണ് സെർട്ട് ചൂണ്ടിക്കാട്ടിയിട്ടുള്ളത്. വിവിധ ആപ്പിള്‍ സോഫ്റ്റ്വെയറുകളിലുള്ള തകരാറുകള്‍ മറികടക്കാൻ ആവശ്യമായ പരിഹാര നിർദേശങ്ങളും കേന്ദ്ര ഏജൻസി നല്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആപ്പിള്‍ ഉപകരണങ്ങളിലേക്ക് ആക്സസ് നേടാനും സുരക്ഷാ നിയന്ത്രണങ്ങള്‍ മറികടക്കാനും കഴിയുന്നതാണ് തകരാറുകള്‍. തന്ത്രപ്രധാനമായ വിവരങ്ങള്‍ മനസിലാക്കാനും ഉപകരണത്തിന്റെ പൂര്‍ണ നിയന്ത്രണം ഏറ്റെടുക്കാനും ഹാക്കര്‍മാര്‍ക്ക് ഈ തകരാറുകള്‍ ഉപയോഗിക്കാനാകുമെന്ന് കേന്ദ്ര ഏജന്‍സി വ്യക്തമാക്കി.
ഉപകരണത്തില്‍ നിന്നും വിവരങ്ങള്‍ ചോർത്താനും ഉപയോക്താവ് കബളിപ്പിക്കപ്പെടാനുമുള്ള സാധ്യതകളാണ് കണ്ടെത്തിയിരിക്കുന്നത്. അതിനാല്‍ ആപ്പിള്‍ നല്കുന്ന എല്ലാ നിർദേശങ്ങളും കൃത്യമായി പരിശോധിക്കണമെന്നും അവ പാലിക്കണമെന്നും ഉപയോക്താക്കളോട് സിഇആർടി നിര്‍ദേശിച്ചു.
പരിചിതമല്ലാത്ത വെബ്സൈറ്റുകള്‍, ലിങ്കുകള്‍, ഫയലുകള്‍ എന്നിവ ആക്സസ് ചെയ്യുമ്ബോഴും കൈകാര്യം ചെയ്യുമ്ബോഴും ജാഗ്രത പാലിക്കണം. ആപ്പിളിൻ്റെ എല്ലാ സുരക്ഷാ അപ്ഡേറ്റുകകളും കൃത്യസമയത്ത് പുതുക്കുകയും വേണം. ഡാറ്റാ ചോർച്ചയും മറ്റ് അപകടങ്ങളും ഒഴിവാക്കാന്‍ കമ്പനി ലിസ്റ്റുചെയ്തിരിക്കുന്ന ആവശ്യമായ സോഫ്റ്റ്വെയര് അപ്ഡേറ്റുകള് മാത്രം ഉപയോഗിക്കണമെന്ന നിർദേശവും കേന്ദ്ര ഏജൻസികള്‍ നല്കുന്നു.
അതേസമയം, ആപ്പിള്‍ കമ്പനി ഈ സുരക്ഷാ തകരാറുകള്‍ സംബന്ധിച്ച് സ്ഥിരീകരണമൊന്നും നല്‍കിയിട്ടില്ല. കഴിഞ്ഞ മേയ് മാസത്തില്‍ ഐഫോണ്‍, ആപ്പിള്‍ ഉപയോക്താക്കള്‍ക്ക് സമാനമായ മുന്നറിയിപ്പ് സെർട്ട് നല്‍കിയിരുന്നു.
പുതിയ സുരക്ഷാവീഴ്ച ബാധിക്കുന്ന സോഫ്റ്റ്വെയറുകളും ആപ്പിള്‍ ഉല്പന്നങ്ങളും
17.6-ന് മുൻപുള്ള Apple iOS പതിപ്പുകളും 17.6-ന് മുമ്ബുള്ള iPadOS പതിപ്പുകളും
16.7.9-ന് മുൻപുള്ള Apple iOS പതിപ്പുകളും 16.7.9-ന് മുമ്ബുള്ള iPadOS പതിപ്പുകളും
14.6-ന് മുൻപുള്ള Apple macOS Sonoma പതിപ്പുകള്‍
13.6.8-ന് മുൻപുള്ള Apple macOS Ventura പതിപ്പുകള്‍
12.7.6-ന് മുൻപുള്ള Apple macOS Monterey പതിപ്പുകള്‍
10.6-ന് മുൻപുള്ള Apple watchOS പതിപ്പുകള്‍
17.6-ന് മുൻപുള്ള Apple tvOS പതിപ്പുകള്‍
1.3-ന് മുൻപുള്ള Apple visionOS പതിപ്പുകള്‍
17.6-ന് മുൻപുള്ള ആപ്പിള്‍ സഫാരി പതിപ്പുകള്‍