വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് ഇരുട്ടടിയാകുമോ? ഐഫോൺ 17 സീരീസിന് വില കൂടിയേക്കും; പുതിയ നിറങ്ങളും ലഭിക്കും

Spread the love

കാലിഫോര്‍ണിയ: 2025 സെപ്റ്റംബറിൽ ഐഫോൺ 17 സീരീസ് സ്‌മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറങ്ങാൻ ഒരുങ്ങുകയാണ്. വരാനിരിക്കുന്ന ഈ സീരീസിലെ ഓരോ മോഡലിനെക്കുറിച്ചുമുള്ള വിശദാംശങ്ങൾ വെളിപ്പെടുത്തുന്ന നിരവധി വിവരങ്ങളും അനൗദ്യോഗിക റിപ്പോർട്ടുകളും പുറത്തുവന്നുതുടങ്ങിയിട്ടുണ്ട്. വരാനിരിക്കുന്ന ഐഫോൺ 17 ശ്രേണി എല്ലാത്തരം ഉപയോക്താക്കൾക്കും ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. അതിൽ ഐഫോൺ 17, ഐഫോൺ 17 എയർ, ഐഫോൺ 17 പ്രോ, ഏറ്റവും മുന്തിയ ഫ്ലാഗ്‌ഷിപ്പായ ഐഫോൺ 17 പ്രോ മാക്സ് തുടങ്ങിയ മോഡലുകൾ ഉൾപ്പെടുന്നു.

video
play-sharp-fill

അതേസമയം, ആപ്പിൾ ഐഫോൺ വില കൂട്ടുമെന്നു റിപ്പോർട്ടുകൾ പറയുന്നു. ആപ്പിൾ എല്ലാ ഐഫോൺ 17 മോഡലുകളുടെയും വില 50 ഡോളർ വർധിപ്പിക്കാൻ സാധ്യതയുണ്ട് എന്ന് ജെഫറീസ് അനലിസ്റ്റ് എഡിസൺ ലീയുടെ സമീപകാല നിക്ഷേപക കുറിപ്പ് വ്യക്തമാക്കുന്നു. വർധിച്ചുവരുന്ന ഉൽ‌പാദന ചെലവുകൾക്കും ചൈനീസ് നിർമ്മിത ഘടകങ്ങളുടെ ഇറക്കുമതി താരിഫുകളുമാണ് ഈ വില വർധനവിന് കാരണം എന്നാണ് റിപ്പോർട്ടുകൾ.

സ്റ്റാൻഡേർഡ് ഐഫോൺ 17, പുതുതായി അവതരിപ്പിച്ച ഐഫോൺ 17 എയർ, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ് എന്നിവയുൾപ്പെടെ വരാനിരിക്കുന്ന ഐഫോൺ 17 നിരയിലെ എല്ലാ വകഭേദങ്ങൾക്കും വില വർധനവ് പ്രതീക്ഷിക്കുന്നു. നിലവിലുള്ള ഐഫോൺ 16 സീരീസിന്റെ എൻട്രി ലെവൽ മോഡലിന് നിലവിൽ 799 ഡോളറിനും ടോപ്പ്-ടയർ ഐഫോൺ 16 പ്രോ മാക്സിന് 1,199 ഡോളറിനും ഇടയിലാണ് വില.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2025 സെപ്റ്റംബർ പകുതിയോടെയാവും ഐഫോൺ 17 ലൈനപ്പ് ആപ്പിൾ പുറത്തിറക്കുക. ഐഫോൺ 17, ഐഫോൺ 17 എയർ, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ് എന്നിവ ഉൾപ്പെടുന്ന പുതുക്കിയ സീരീസ് ഈ മാസത്തിലെ രണ്ടാം വാരത്തിൽ അവതരിപ്പിക്കാൻ സാധ്യതയുണ്ട്. പുതിയ ഐഫോൺ സീരീസിന്‍റെ ഔദ്യോഗിക ലോഞ്ച് ഇവന്‍റ് സെപ്റ്റംബർ 8, 9 അല്ലെങ്കിൽ 10 തീയതികളിൽ നടക്കുമെന്ന് രാജ്യാന്തര മാധ്യമമായ ബ്ലൂംബെർഗിന്‍റെ പ്രശസ്ത ആപ്പിൾ റിപ്പോർട്ടർ മാർക്ക് ഗുർമാൻ പറയുന്നു. അതേസമയം, സെപ്റ്റംബർ 12 വെള്ളിയാഴ്ച പ്രീ-ഓർഡറുകൾ ആരംഭിക്കുമെന്നും റീട്ടെയിൽ ലഭ്യതയും കയറ്റുമതിയും സെപ്റ്റംബർ 19-ഓടെ ആരംഭിക്കുമെന്നുമാണ് 9to5Mac പോലുള്ള സ്രോതസുകൾ പ്രതീക്ഷിക്കുന്നത്.

ഐഫോണുകള്‍ക്ക് പുത്തന്‍ നിറങ്ങള്‍

മുൻ തലമുറകളിലെ എന്നപോലെ, ഐഫോൺ 17 സീരീസും ഒന്നിലധികം നിറങ്ങളിൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ ഫോണിൽ ആപ്പിൾ ആറ് നിറങ്ങൾ വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ടുകൾ. അതിൽ കറുപ്പ്, വെള്ള, ഇളം നീല, സ്റ്റീൽ ഗ്രേ, പച്ച, പർപ്പിൾ തുടങ്ങിയ നിറങ്ങൾ ഉൾപ്പെടാൻ സാധ്യതയുണ്ട്. അടുത്തിടെ ടിപ്‌സ്റ്ററായ മജിൻ ബു ഐഫോൺ ഡമ്മി യൂണിറ്റുകളുടെ ചിത്രങ്ങൾ പങ്കിട്ടിരുന്നു. ഈ ചിത്രങ്ങൾ വരാനിരിക്കുന്ന ഐഫോൺ ലൈനപ്പിൽ അരങ്ങേറ്റം കുറിക്കാൻ പോകുന്ന രണ്ട് പുതിയ നിറങ്ങളായ പച്ച, പർപ്പിൾ എന്നിവയുടെ ആദ്യ കാഴ്ച വെളിപ്പെടുത്തി.

വരാനിരിക്കുന്ന ഐഫോൺ 17 പ്രോയിൽ ക്യാമറ സിസ്റ്റത്തിൽ ഒരു വലിയ പരിഷ്‍കരണം ലഭിച്ചേക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. പുനർരൂപകൽപ്പന ചെയ്ത മൊഡ്യൂളിൽ 8എക്സ് ഒപ്റ്റിക്കൽ സൂം ലെൻസ് ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ഉപയോക്താക്കൾക്ക് ദൂരെയുള്ള വസ്‍തുക്കളുടെ ഫോട്ടോ കൃത്യതയോടെ എടുക്കുന്നത് എളുപ്പമാക്കുന്നു. ഒന്നിലധികം ഫോക്കൽ ലെംഗ്‍തുകളിൽ ഫോട്ടോഗ്രാഫിയെ പിന്തുണച്ചുകൊണ്ട് ഐഫോണിലേക്ക് ഡിഎസ്എല്‍ആര്‍ പോലുള്ള പ്രകടനം കൊണ്ടുവരിക എന്നതാണ് കമ്പനിയുടെ ലക്ഷ്യം. കൂടാതെ, ഐഫോൺ 17 പ്രോയിൽ ഡ്യുവൽ ക്യാമറ കൺട്രോൾ ബട്ടണുകൾ അവതരിപ്പിക്കാൻ സാധ്യത ഉണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.