
സ്വന്തം ലേഖകൻ
കോട്ടയം: പൊലീസുകാരുടെ മർദ്ദനത്തിൽ 17 വയസുകാരന്റെ നട്ടെല്ലിന് പരിക്കേറ്റ സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് അന്വേഷണ റിപ്പോർട്ട്. പാലാ ഡി വൈ എസ് പിയാണ് കോട്ടയം എസ് പിക്ക് റിപ്പോർട്ട് നൽകിയത്. പൊലീസുകാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എസ് പി ഡിഐജിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
പരാതി അന്വേഷിക്കാൻ പാലാ ഡിവൈഎസ്‌പിയെ ചുമതലപ്പെടുത്തിയെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി കെ കാർത്തിക് രാവിലെ പ്രതികരിച്ചിരുന്നു. അന്വേഷണ റിപ്പോർട്ട് കിട്ടിയ ശേഷം നടപടി സ്വീകരിക്കുമെന്നും ഇന്ന് തന്നെ റിപ്പോർട്ട് കിട്ടുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസുകാർക്ക് വിഴ്ച പറ്റിയതായി ഡിവൈഎസ്‌പി റിപ്പോർട്ട് നൽകിയത്

Whatsapp Group 1 | Whatsapp Group 2 |Telegram Group
പെരുമ്പാവൂർ സ്വദേശിയായ പാർത്ഥിപൻ എന്ന 17കാരനാണ് പരാതിയുമായി രംഗത്ത് വന്നത്. പാലാ പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാർ തന്നെ മർദ്ദിച്ചുവെന്നും മർദ്ദനത്തിൽ നട്ടെല്ലിന് പരിക്കേറ്റുവെന്നുമാണ് പരാതി.
മർദ്ദന വിവരം പുറത്തു പറഞ്ഞാൽ കേസിൽ കുടുക്കുമെന്ന് പൊലീസുകാർ ഭീഷണിപ്പെടുത്തിയതായും പാർത്ഥിപൻ പറഞ്ഞിരുന്നു. കുനിച്ചുനിർത്തി മുതുകിൽ മർദ്ദിച്ചെന്നാണ് കുട്ടിയുടെ പരാതി. മകന് നട്ടെല്ലിനേറ്റ പരിക്കിനെ തുടർന്ന് അനങ്ങാൻ കഴിയുന്നില്ലെന്നും ശുചിമുറിയിലേക്ക് വരെ എടുത്ത് പിടിച്ചാണ് കൊണ്ടുപോകുന്നതെന്നും അമ്മ നിഷയും പറഞ്ഞു.