
പാകിസ്താനില്‍ പൊലീസ് സ്റ്റേഷനില്‍ സ്ഫോടനം : 12 ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു..! നാൽപ്പതോളം പേർക്ക് പരിക്ക്
സ്വന്തം ലേഖകൻ
ഇസ്ലാമാബാദ്: പാകിസ്താനിലെ സ്വാത്തില്‍ പൊലീസ് സ്റ്റേഷനിലുണ്ടായ സ്ഫോടനത്തില്‍ 12 പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും നാല്‍പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
തീവ്രവാദ വിരുദ്ധ വകുപ്പിന്‍റെ (സി.ടി.ഡി) ഓഫീസിലാണ് തിങ്കളാഴ്ച സ്ഫോടനം നടന്നത്. സ്റ്റേഷനുള്ളില്‍ നടന്ന രണ്ട് സ്ഫോടനങ്ങളില്‍ കെട്ടിടം തകര്‍ന്നതായി പൊലീസ് അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവം ചാവേര്‍ ആക്രമണമല്ലെന്നും വെടിമരുന്നും മോര്‍ട്ടാര്‍ ഷെല്ലുകളും സൂക്ഷിച്ചിരുന്ന സ്ഥലത്താണ് സ്‌ഫോടനം നടന്നതെന്നും സി.ടി.ഡി ഡി.ഐ.ജി ഖാലിദ് സൊഹൈല്‍ പറഞ്ഞു. പൊലീസ് സ്റ്റേഷന് നേരെ ആക്രമണമോ വെടിവെപ്പോ ഉണ്ടായിട്ടില്ലെന്നും സ്‌ഫോടനത്തിന്റെ കാരണം അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, ചാവേര്‍ ആക്രമണം നടന്നുവെന്നായിരുന്നു ജില്ല പൊലീസ് ഓഫീസര്‍ നേരത്തെ അവകാശപ്പെട്ടിരുന്നത്. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് സ്ഫോടനത്തില്‍ ഖേദം പ്രകടിപ്പിച്ചു . സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചു.