
മേൽവിലാസം കുറിച്ച് കവറോ ഇൻലണ്ടോ ഒട്ടിച്ച് ഒരു ചുവന്ന പെട്ടിയിൽ നിക്ഷേപിച്ചാൽ അത് മൂന്ന് ദിവസത്തിനകം മേൽവിലാസക്കാരന്റെ വീട്ടിൽ എത്തിച്ചു കൊടുത്തിരുന്ന സമ്പ്രദായം ഇന്ത്യയിൽ ഉണ്ടായിരുന്നു. ആ വ്യവസ്ഥിതി ഇന്ന് കാലഹരണപ്പെട്ടെങ്കിലും ഒക്ടോബർ 9 എന്ന ദിനം ലോക തപാൽ ദിനം എന്നപേരിൽ നാം ആചരിക്കുന്നു.
1894 ഒക്ടോബർ 9 ന് സ്വിറ്റ്സർലൻഡിലാണ് ആഗോള പോസ്റ്റൽ യൂണിയൻ രൂപീകരിച്ചത്. 1969 ൽ ടോക്യോയിൽ നടന്ന ആഗോള പോസ്റ്റൽ യൂണിയൻ കോൺഗ്രസിൽ ആനന്ദ് മോഹൻ നരൂല എന്ന ഇന്ത്യാക്കാരനാണ് ലോക തപാൽ ദിനമെന്ന ആശയം മുന്നോട്ട് വെച്ചത്. അതിനായി അദ്ദേഹം ശക്തമായി വാദിക്കുകയും ചെയ്തു. തപാൽ വ്യവസ്ഥ ആഗോളപുരോഗതിക്ക് നൽകുന്ന സംഭാവനകളെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനായാണ് ലോക തപാൽ ദിനം ആചരിക്കുന്നത്.
കാലം തിരസ്കരിച്ച ഒരു വ്യവസ്ഥിതിയുടെ നോക്കുകുത്തിയായി ആ ചുവന്ന പെട്ടി ഇന്നും എവിടെയൊക്കെയോ നമ്മെനോക്കി നെടുവീർപ്പിടുന്നു. വാർത്ത വിനിമയ മേഖല പുതിയ കണ്ടുപിടുത്തങ്ങളുടെ വഴിത്താരയിൽ നൂതനമായ അധ്യായങ്ങൾ രചിക്കുമ്പോൾ തപാൽ സംവിധാനത്തിന്റെ ഗതകാല ഓർമ്മകൾ മറക്കാതിരിക്കുക.