തലയും മുഖവും ഇടിച്ച് കൂട്ടി സഹപാഠികൾ; ഇന്‍റർനാഷണൽ സ്‌കൂൾ ഹോസ്റ്റലിൽ ക്രൂരമർദ്ദനം; സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറലായതോടെ പരാതിയുമായി മാതാപിതാക്കൾ

Spread the love

ജുനാഗഡ്: ഗുജറാത്തിലെ ജുനാഗഡിലെ ആൽഫ ഇന്‍റർനാഷണൽ സ്കൂളിന്‍റെ ഹോസ്റ്റലില്‍ നിന്നുള്ള റാഗിംഗ് ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ കേസുമായി മാതാപിതാക്കൾ. ഒരു വിദ്യാർത്ഥിയെ അഞ്ചോ ആറോ സഹപാഠികൾ ചേർന്ന് മർദ്ദിക്കുന്നത് വീഡിയോയില്‍ കാണാം.

ഒന്നര മാസത്തിന് ശേഷമാണ് സംഭവത്തിന്‍റെ വീഡിയോ പുറത്ത് വന്നതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ഇതിന് പിന്നാലെ വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കൾ പോലീസില്‍ പരാതി നല്‍കി. പോലീസും ജില്ലാ വിദ്യാഭ്യാസ ഓഫീസറും അന്വേഷണം ആരംഭിച്ചെന്നും സംഭവത്തില്‍ ഉൾപ്പെട്ട വിദ്യാര്‍ത്ഥികളെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കിയെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.

11, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾ തമ്മിൽ 2025 ജൂലൈ 26-ന് കായിക വിനോദവുമായി ബന്ധപ്പെട്ട ഒരു വിഷയത്തിൽ പരസ്പരം തര്‍ക്കത്തിലായിരുന്നു. ഇത് പിന്നീട് ഹോസ്റ്റലില്‍ വച്ച് ചോദ്യം ചെയ്യുകയും അത് സംഘര്‍ഷത്തിൽ എത്തുകയുമായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഹോസ്റ്റലിൽ വെച്ച് വഴക്ക് കൂടുതൽ വഷളായി, പിന്നാലെ മറ്റ് വിദ്യാര്‍ത്ഥികൾ സംഘം ചേര്‍ന്ന് സഹപാഠിയെ അക്രമിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടികൾ തമ്മിലുള്ള സംഘര്‍ഷത്തിന്‍റെ വീഡിയോ ഒന്നര മാസത്തിന് ശേഷമാണ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വന്നത്. വീഡിയോ പുറത്ത് വരുന്നത് വരെ കുട്ടി സംഘര്‍ഷത്തെ കുറിച്ച് വീട്ടുകാരോട് പറഞ്ഞിരുന്നില്ലെന്നും വീഡിയോ കണ്ടതിന് പിന്നാലെ കുട്ടിയുടെ അച്ഛനമ്മമാര്‍ സംഭവം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കേസ് നല്‍കുകയായിരുന്നെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. വീഡിയോയില്‍ അഞ്ചോ ആറോ വിദ്യാര്‍ത്ഥികൾ ചേര്‍ന്ന് സഹപാഠിയായ മറ്റൊരു വിദ്യാര്‍ത്ഥിയുടെ തലയ്ക്കും മുഖത്തും ക്രൂരമായി മര്‍ദ്ദിക്കുന്നതിന്‍റെയും ചവിട്ടിക്കൂട്ടുന്നതിന്‍റെയും ദൃശ്യങ്ങൾ കാണാം.

 

 

ഹോസ്റ്റലിന്‍റെയും സ്കൂൾ അധികൃതരുടെയും ഭാഗത്ത് നിന്ന് അശ്രദ്ധയുണ്ടായതായി അച്ഛനമ്മമാര്‍ ആരോപിച്ചു. സംഭവം തങ്ങളെ അറിയിച്ചിരുന്നില്ലെന്നും കുട്ടികളുടെ കാര്യങ്ങൾ ഹോസ്റ്റൽ വേണ്ട രീതിയില്‍ കൈകാര്യം ചെയ്യുന്നില്ലെന്നും ഇവര്‍ ആരോപിച്ചു. കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം ഹോസ്റ്റലിൽ പ്രതിഷേധ പ്രകടനം നടത്തി.

സംഭവം നടന്നത് സ്വകാര്യമായി വാടകയ്ക്കെടുത്ത ഹോസ്റ്റലിലാണെന്നും അതിനാല്‍ പ്രശ്നത്തിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഹോസ്റ്റൽ നടത്തിപ്പുകാര്‍ക്കാണെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കി. പിന്നാലെ സംഭവത്തില്‍ ഉൾപ്പെട്ട വിദ്യാര്‍ത്ഥികളെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കിയതായും സംഭവത്തെക്കുറിച്ച് എല്ലാ രക്ഷിതാക്കള്‍ക്കും വിവരം കൈമാറിയെന്നും ഹോസ്റ്റൽ നടത്തിപ്പുകാരും അറിയിച്ചു. പരാതി ലഭിച്ചതിന് പിന്നാലെ പോലീസ് വിദ്യാര്‍ത്ഥികളുടെ മൊഴിയെടുത്തു. ജില്ലാ വിദ്യാഭ്യാസ ഓഫീസറും അന്വേഷണം ആരംഭിച്ചെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.