സ്വന്തം ലേഖിക
തിരുവനന്തപുരം: എഐ ക്യാമറ പദ്ധതിയുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി.
കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചത് ബോധ്യപ്പെട്ടിട്ടും കെല്‍ട്രോണിന് എഐ ക്യാമറ പദ്ധതിക്ക് അനുമതി നല്‍കിയ മന്ത്രിസഭയും സര്‍ക്കാരും അഴിമതിയില്‍ മുങ്ങി കുളിച്ച് നില്‍ക്കുകയാണെന്ന് കെ സുധാകരന്‍ ആരോപിച്ചു.
എഐ ക്യാമറ പദ്ധതിക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ നിന്നും മറുപടി പറയാതെ മുഖ്യമന്ത്രിക്കും വകുപ്പുമന്ത്രിക്കും കെെകഴുകാനാവില്ല. ഈ മാസം 12ന് കരാര്‍ തത്വത്തില്‍ അംഗീകരിച്ച മന്ത്രിസഭ 18-ാം തീയതി സമഗ്ര ഭരണാനുമതി നല്‍കി.
പ്രോജക്‌ട് മോണിറ്ററിങ് സെല്‍ ആയ കെല്‍ട്രോണിന് അതത് വകുപ്പുകളുടെ അംഗീകാരമില്ലാതെ മറ്റുകരാറില്‍ ഏര്‍പ്പെടാന്‍ വ്യവസ്ഥയില്ല. അതിന് കടകവിരുദ്ധമായി പ്രവര്‍ത്തിക്കുകയും ചട്ടവിരുദ്ധമായ കാര്യങ്ങള്‍ നടപ്പാക്കുകയും ചെയ്ത ക്രെല്‍ട്രോണിന് അനുമതി നല്‍കിയതിലൂടെ അഴിമതി നടത്താനുള്ള ലെെസന്‍സാണ് പിണറായി മന്ത്രി സഭ നല്‍കിയതെന്നും സുധാകരന്‍ പറഞ്ഞു.