
ഇന്‍ഷുറന്‍സ് പോളിസി ഉടമകള്‍ക്ക് ആശ്വാസ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍ ; ഫ്രീ ലുക്ക് പിരീഡ്, പോളിസി വേണ്ടെന്ന് വെയ്ക്കാന്‍ ഇനി ഒരു വര്‍ഷം വരെ അവസരം
മുംബൈ: ഇന്‍ഷുറന്‍സ് പോളിസി ഉടമകള്‍ക്ക് ആശ്വാസ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. ഒരു മാസത്തില്‍ നിന്ന് ഒരു വര്‍ഷമായി ഫ്രീ ലുക്ക് പീരീഡ് ഉയര്‍ത്താന്‍ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഫ്രീ ലുക്ക് പിരീഡ് എന്നത് പോളിസി ഉടമകള്‍ക്ക് സറണ്ടര്‍ ചാര്‍ജുകളൊന്നുമില്ലാതെ ഇന്‍ഷുറന്‍സ് പോളിസി റദ്ദാക്കാന്‍ നല്‍കുന്ന സമയമാണ്.
മുംബൈയില്‍ നടന്ന പോസ്റ്റ് ബജറ്റ് വാര്‍ത്താസമ്മേളനത്തില്‍ ധനകാര്യ സേവന വകുപ്പ് സെക്രട്ടറി എം നാഗരാജുവാണ് ഇക്കാര്യം അറിയിച്ചത്. ഫ്രീ ലുക്ക് പിരീഡില്‍ പോളിസി ഉടമ പോളിസി തിരികെ നല്‍കാന്‍ തീരുമാനിച്ചാല്‍ ഇന്‍ഷുറന്‍സ് കമ്പനി ആദ്യം അടച്ച പ്രീമിയം തിരികെ നല്‍കണം. കഴിഞ്ഞ വര്‍ഷം, ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ) ആണ് ഫ്രീ ലുക്ക് പിരീഡ് 15 ദിവസത്തില്‍ നിന്ന് 30 ദിവസമായി ഉയര്‍ത്തിയത്. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ പരിരക്ഷ ലഭിക്കുന്നതിനായി ഇന്‍ഷുറന്‍സ് കമ്പനികള്‍ ഇത് ഒരു വര്‍ഷമായി വര്‍ദ്ധിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.
ഇന്‍ഷുറന്‍സ് പോളിസികളുടെ ഫ്രീ ലുക്ക് പീരീഡ് ഒരു മാസത്തില്‍ നിന്ന് ഒരു വര്‍ഷമായി വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് കമ്പനികളെ പ്രോത്സാഹിപ്പിച്ച് വരികയാണെന്നും നാഗരാജു പറഞ്ഞു. പോളിസി ഉടമ ഈ കാലയളവിനുള്ളില്‍ പോളിസി തിരികെ നല്‍കിയാല്‍ ഇന്‍ഷുറന്‍സ് കമ്പനി ആദ്യ പ്രീമിയം തിരികെ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്‍ഷുറന്‍സ് പോളിസികളുടെ തെറ്റായ വില്‍പ്പന കുറയ്ക്കുന്നതിനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമാണിത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊതുമേഖലാ കമ്പനികളോട് ഇന്‍ഷുറന്‍സ് പോളിസികളില്‍ ‘കോള്‍ ബാക്ക്’ അവതരിപ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഉല്‍പ്പന്നം വിറ്റുകഴിഞ്ഞാല്‍, ഉല്‍പ്പന്നത്തില്‍ സന്തുഷ്ടനാണോ അതോ പോളിസി റദ്ദാക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന് മനസ്സിലാക്കാനാണ് ഉപഭോക്താവിന് കോള്‍ ബാക്ക് അയക്കുന്നതെന്നും നാഗരാജു പറഞ്ഞു.