പരസ്യ ബോര്‍ഡുകളിൽ മലിനീകരണ ബോര്‍ഡിന്‍റെ ക്യു ആര്‍ കോഡ് നിര്‍ബന്ധം; ഇല്ലെങ്കിൽ ആദ്യം 10,000, ആവർത്തിച്ചാൽ ഒടുവിൽ 50,000 രൂപ വരെ പിഴ ചുമത്തും; ഈ കാര്യങ്ങൾ കൂടി ശ്രദ്ധിക്കൂ…അല്ലേൽ പണി കിട്ടും
സ്വന്തം ലേഖകൻ
തൃശൂര്‍: പരസ്യ ബോര്‍ഡ്, ബാനര്‍, ഹോര്‍ഡിങ്ങുകള്‍ എന്നിവയില്‍ മലിനീകരണ ബോര്‍ഡിന്‍റെ ക്യു ആര്‍ കോഡ് നിര്‍ബന്ധമായും വേണമെന്ന് ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു. പരസ്യ വസ്തുക്കളില്‍ പിവിസി ഫ്രീ റീസൈക്കിളബിള്‍ ലോഗോ, പ്രിന്റിങ് യൂണിറ്റിന്റെ പേര്, ഫോണ്‍ നമ്പര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് നല്‍കിയ സര്‍ട്ടിഫിക്കറ്റിന്‍റെ ക്യു ആര്‍ കോഡ് എന്നിവ പ്രിന്‍റ് ചെയ്യണം.
ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍ പിസിബി സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ഇവ രേഖപ്പെടുത്താത്ത ബോര്‍ഡുകള്‍ നിയമവിരുദ്ധമാണ്. ഇത്തരത്തില്‍ പ്രിന്റ് ചെയ്ത് സ്ഥാപിച്ച സ്ഥാപനത്തിനെതിരെ നിയമനടപടി സ്വീകരിക്കും. ബോര്‍ഡുകളും ബാനറുകളും പ്രിന്റ് ചെയ്യാനുള്ള വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ പിസിബിയുടെ സാക്ഷ്യപത്രം ക്യു ആര്‍ കോഡായി പ്രിന്റ് ചെയ്തിരിക്കണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബോര്‍ഡ് സാക്ഷ്യപ്പെടുത്തിയ 100 ശതമാനം കോട്ടണ്‍ പോളി എത്തിലിന്‍ എന്നിവയാണ് ഉപയോഗിക്കേണ്ടത്. തുടര്‍ന്ന് പോളി എത്തിലിന്‍ പുനരുപയോഗത്തിനായി സ്ഥാപനത്തില്‍ തിരിച്ചേല്‍പ്പിക്കേണ്ടതാണെന്ന ബോര്‍ഡ് പ്രിന്റിങ് സ്ഥാപനത്തില്‍ വ്യക്തമായി കാണാവുന്ന രീതിയില്‍ നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കണം.
എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിന്റെ പരിശോധനയില്‍ നിയമലംഘനം കണ്ടെത്തിയാല്‍ നിരോധിത വസ്തുക്കള്‍ പിടിച്ചെടുക്കും. ആദ്യഘട്ടത്തില്‍ 10,000 രൂപ, രണ്ടാമത് 20,000 രൂപ വീതം പിഴ ചുമത്തും. ആവര്‍ത്തിച്ചാല്‍ 50,000 രൂപ പിഴയും ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള നടപടിയും സ്വീകരിക്കും. അനധികൃതമായി സ്ഥാപിക്കുന്ന ബോര്‍ഡുകള്‍ക്കെതിരെ കോടതി ഉത്തരവ് പ്രകാരം 5000 രൂപ പിഴ ഈടാക്കും.