ഇനി വാട്‌സ്ആപ്പ് ചാറ്റിനിടെയും റീല്‍സുകള്‍ കാണാം; ഇന്‍സ്റ്റഗ്രാമില്‍ പിക്‌ചര്‍-ഇന്‍-പിക്‌ചര്‍ മോഡ് വരുന്നു

Spread the love

കാലിഫോര്‍ണിയ: ഇന്‍സ്റ്റഗ്രാമില്‍ റീല്‍സുകള്‍ക്കായി പിക്‌ചര്‍-ഇന്‍-പിക്‌ചര്‍ മോഡ് (picture-in-picture mode) അവതരിപ്പിക്കാന്‍ മെറ്റ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. മറ്റ് ആപ്പുകള്‍ മൊബൈലില്‍ ബ്രൗസ് ചെയ്യുമ്പോള്‍ ഇന്‍സ്റ്റ റീലുകള്‍ പോക്-അപ് വിന്‍ഡോയായി പ്രത്യക്ഷപ്പെടുന്ന ഫീച്ചറാണിത്. ഇത് മള്‍ട്ടിടാസ്‌കിംഗ് ഉറപ്പുനല്‍കുന്ന സൗകര്യമാണ്.

ഇന്‍സ്റ്റഗ്രാമില്‍ ഒരു റീല്‍ കണ്ടുകൊണ്ടിരിക്കുമ്പോള്‍ മറ്റൊരു ആപ്പിലേക്ക് പോകേണ്ടിവന്നാല്‍ എന്ത് ചെയ്യും? അതായത് അതിനിടെ ഒരു വാട്‌സ്ആപ്പ് മെസേജ് വായിക്കാനോ അല്ലെങ്കില്‍ ഫേസ്ബുക്ക് സ്ക്രോള്‍ ചെയ്യാനോ ഓണ്‍ലൈനായി മറ്റെന്തെങ്കിലും ചെയ്യാനോ പോകേണ്ടിവന്നാല്‍ ഇനി റീല്‍സ് മിസ്സാവില്ല. മറ്റ് ആപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ ഇന്‍സ്റ്റഗ്രാം റീല്‍സ് ചെറിയ ഫ്ലോട്ടിംഗ് വിന്‍ഡോയിലൂടെ കാണാന്‍ കഴിയുന്ന പിക്‌ചര്‍-ഇന്‍-പിക്‌ചര്‍ മോഡ് അവതരിപ്പിക്കാനൊരുങ്ങുകയാണ് ഇന്‍സ്റ്റഗ്രാം അധികൃതര്‍ എന്ന് റിപ്പോര്‍ട്ട് ചെയ്യുകയാണ് ടെക്‌ക്ര‌ഞ്ച്. ഇത് ഇന്‍സ്റ്റഗ്രാം ഉപഭോക്താക്കള്‍ക്ക് മള്‍ട്ടി‌ടാക്‌സിംഗ് ഉറപ്പുവരുത്തും. ഈ പിക്‌ചര്‍-ഇന്‍-പിക്‌ചര്‍ മോഡ് ഫീച്ചര്‍ ചില ഉപഭോക്താക്കള്‍ക്കെങ്കിലും പരീക്ഷണത്തിനായി ലഭിച്ചുകഴിഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

വളരെയധികം ദൈര്‍ഘ്യമേറിയ റീലുകള്‍ പ്ലേ ചെയ്യുമ്പോള്‍ ഈ ഫീച്ചര്‍ ഗുണകരമാകും. അതല്ലെങ്കില്‍ മറ്റെന്തെങ്കിലും ജോലിയുടെ തിരക്കിലാണെങ്കിലോ മറ്റ് ആപ്പുകള്‍ ഉപയോഗിക്കുകയാണെങ്കിലോ സമയം പാഴാകാതെ റീല്‍ കാണാന്‍ സാധിക്കും. ഇന്‍സ്റ്റഗ്രാമില്‍ ഇതാദ്യമാണെങ്കിലും ടിക്‌ടോക്, യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളില്‍ പിക്‌ചര്‍-ഇന്‍-പിക്‌ചര്‍ മോഡ് ഇതിനകം ശ്രദ്ധേയമാണ്. ഇന്‍സ്റ്റഗ്രാമിലേക്ക് ഈ സൗകര്യം വരുന്നതോടെ ക്രിയേറ്റര്‍മാരുടെ വീഡിയോകള്‍ക്ക് കൂടുതല്‍ വാച്ച്‌ടൈം ലഭിച്ചേക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്‍സ്റ്റഗ്രാം ഉപയോക്താക്കളുടെ അഭ്യര്‍ഥന മാനിച്ച് പിക്‌ചര്‍-ഇന്‍-പിക്‌ചര്‍ മോഡ് പ്ലാറ്റ്‌ഫോമില്‍ അവതരിപ്പിക്കുന്നത് പരിഗണിക്കുമെന്ന് ഇന്‍സ്റ്റ തലവന്‍ ആദം മോസ്സേരി മുമ്പ് വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ വളരെ കുറച്ച് യൂസര്‍മാര്‍ക്ക് പരീക്ഷണത്തിന് മാത്രമായി ലഭ്യമായിരിക്കുന്ന പിക്‌ചര്‍-ഇന്‍-പിക്‌ചര്‍ മോഡ് വൈകാതെ തന്നെ എല്ലാ ഉപഭോക്താക്കള്‍ക്കും ലഭ്യമാകും. എന്നാല്‍ പുത്തന്‍ ഫീച്ചറിന്‍റെ ആഗോള ലോഞ്ച് എപ്പോഴെന്ന് ഇന്‍സ്റ്റഗ്രാം അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. ഒരേ സ്വഭാവമുള്ള റീലുകള്‍ തമ്മില്‍ ലിങ്ക് ചെയ്യാനുള്ള ഫീച്ചര്‍ അടുത്തിടെ ഇന്‍സ്റ്റഗ്രാം അവതരിപ്പിച്ചിരുന്നു. റീല്‍സുകളെ ഒരു സീരീസ് ആയി അവതരിപ്പിക്കാന്‍ കഴിയുന്ന ഫീച്ചറാണിത്.