video
play-sharp-fill
ക്രിമിനല്‍ കേസില്‍ ഇരയായ പെണ്‍കുട്ടിയെ വൈദ്യ പരിശോധന നടത്താൻ വിസമ്മതിച്ചു ; പ്രതിയായ ഡോക്ടർക്കും പരാതിക്കാരനായ പൊലീസ് ഉദ്യോഗസ്ഥനുമെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവ്

ക്രിമിനല്‍ കേസില്‍ ഇരയായ പെണ്‍കുട്ടിയെ വൈദ്യ പരിശോധന നടത്താൻ വിസമ്മതിച്ചു ; പ്രതിയായ ഡോക്ടർക്കും പരാതിക്കാരനായ പൊലീസ് ഉദ്യോഗസ്ഥനുമെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവ്

സ്വന്തം ലേഖകൻ

കൊച്ചി: ക്രിമിനല്‍ കേസില്‍ ഇരയായ പെണ്‍കുട്ടിയെ വൈദ്യ പരിശോധന നടത്താൻ വിസമ്മതിച്ചെന്ന കേസിലെ പ്രതിയായ ഡോക്ടർക്കും പരാതിക്കാരനായ പൊലീസ് ഉദ്യോഗസ്ഥനുമെതിരെ വകുപ്പുതല അന്വേഷണം നടത്തണമെന്ന് ഹൈകോടതി.

അന്വേഷണത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്നയാള്‍ക്കെതിരെ കർശന തുടർനടപടി സ്വീകരിക്കണമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടു. പെണ്‍കുട്ടിയെ വേണ്ടവിധം പരിശോധിച്ചില്ലെന്നും മെഡിക്കല്‍ സർട്ടിഫിക്കറ്റ് നല്‍കിയില്ലെന്നും ആരോപിച്ച്‌ പൊലീസ് നല്‍കിയ പരാതിയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോ. ബീന ബാഹുലേയനെതിരെ കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലുണ്ടായിരുന്ന കേസ് റദ്ദാക്കിയാണ് ഈ നിർദേശം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2016ല്‍ 17കാരിയായ സഹോദരിയെ കാണാനില്ലെന്ന് കാട്ടി സഹോദരൻ നല്‍കിയ പരാതിയില്‍ ചേവായൂർ പൊലീസ് പോക്സോ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നു. പെണ്‍കുട്ടിയെ പിന്നീട് കണ്ടെത്തിയതിനെത്തുടർന്ന് വൈദ്യപരിശോധനക്ക് സന്ധ്യയോടെ മെഡിക്കല്‍ കോളജിലെത്തിച്ച്‌ ഡോ. ബീന ബാഹുലേയനെ കാണിച്ചു. എന്നാല്‍, വേണ്ടവിധം പരിശോധിക്കാതെ ഡോക്ടർ പെണ്‍കുട്ടിയെയും അമ്മയെയും പൊലീസ് ഉദ്യോഗസ്ഥരെയും അധിക്ഷേപിച്ചെന്നും മെഡിക്കല്‍ സർട്ടിഫിക്കറ്റ് നല്‍കിയില്ലെന്നുമാണ് പരാതി. അർധരാത്രിയോടെ മറ്റൊരു ഡോക്ടറാണ് സർട്ടിഫിക്കറ്റ് നല്‍കിയതെന്നും സർക്കിള്‍ ഇൻസ്പെക്ടർ കെ.കെ. ബിജുവിനുവേണ്ടി പ്രോസിക്യൂഷൻ വാദിച്ചു.

എന്നാല്‍, താൻ അടിയന്തര ശസ്ത്രക്രിയ നടത്തുമ്ബോഴാണ് പൊലീസ് പെണ്‍കുട്ടിയുമായി എത്തിയതെന്നും തുടർന്ന് പരിശോധന നടത്തി സർട്ടിഫിക്കറ്റ് എഴുതിവെച്ചെന്നുമാണ് ഡോക്ടറുടെ വാദം. ഇതിനിടെ, ഓപറേഷൻ തിയറ്ററില്‍നിന്ന് വിളിച്ചതോടെ സർട്ടിഫിക്കറ്റില്‍ ഓഫിസ് മുദ്ര പതിപ്പിക്കാൻ പൊലീസിനോട് നിർദേശിച്ചെന്നും അവർ പറഞ്ഞു. വീട്ടിലെത്തിയശേഷം രാത്രി വൈകിയാണ് പൊലീസ് തിരിച്ചെത്തിയ വിവരം അറിഞ്ഞതെന്നും സ്വയം വാഹനമോടിച്ച്‌ ആശുപത്രിയിലെത്തി മെഡിക്കല്‍ സർട്ടിഫിക്കറ്റ് കൈമാറിയെന്നും വിശദീകരിച്ചു. ഇത് തെളിയിക്കാനായി ചില രേഖകളും ഹാജരാക്കി. രേഖകള്‍ പരിശോധിച്ച കോടതി സാങ്കേതിക കാരണങ്ങളാല്‍ കേസ് റദ്ദാക്കുന്നതായി വ്യക്തമാക്കിയാണ് വകുപ്പുതല അന്വേഷണത്തിന് നിർദേശിച്ചത്.