video
play-sharp-fill
ഇന്നോവ വാങ്ങാനെത്തിയ കുടുംബത്തെ ആക്രമിച്ചു മാല കവർന്നു: പുതുപ്പള്ളിയിൽ ചുവന്ന സ്വിഫ്റ്റ് കാറിലെത്തിയ സംഘം കവർന്നത് ചങ്ങനാശേരി സ്വദേശിയുടെ അഞ്ചു പവന്റെ സ്വർണ്ണമാല; മോഷണം നടത്തിയത് മുഖത്ത് കുരുമുളക് സ്‌പ്രേ അടിച്ച ശേഷം; ചങ്ങനാശേരി സ്വദേശിയെ വിളിച്ചു വരുത്തിയത് കാർ വിൽക്കാനുണ്ടെന്നു തെറ്റിധരിപ്പിച്ചു

ഇന്നോവ വാങ്ങാനെത്തിയ കുടുംബത്തെ ആക്രമിച്ചു മാല കവർന്നു: പുതുപ്പള്ളിയിൽ ചുവന്ന സ്വിഫ്റ്റ് കാറിലെത്തിയ സംഘം കവർന്നത് ചങ്ങനാശേരി സ്വദേശിയുടെ അഞ്ചു പവന്റെ സ്വർണ്ണമാല; മോഷണം നടത്തിയത് മുഖത്ത് കുരുമുളക് സ്‌പ്രേ അടിച്ച ശേഷം; ചങ്ങനാശേരി സ്വദേശിയെ വിളിച്ചു വരുത്തിയത് കാർ വിൽക്കാനുണ്ടെന്നു തെറ്റിധരിപ്പിച്ചു

തേർഡ് ഐ ബ്യൂറോ

കോട്ടയം: കാർ വിൽക്കാനുണ്ടെന്നു കാട്ടി ഫോണിൽ ബന്ധപ്പെട്ട ശേഷം, കുടുംബത്തെ പുതുപ്പള്ളിയിൽ വിളിച്ചു വരുത്തി മുഖത്ത് കുരുമുളക് സ്‌പ്രേ ചെയ്ത ശേഷം ഗൃഹനാഥന്റെ കഴുത്തിൽകിടന്ന അഞ്ചു പവന്റെ സ്വർണ മാല കവർന്നു. പുതുപ്പള്ളി പഞ്ചായത്ത് ഓഫിസിനു മുന്നിൽ ചൊവ്വാഴ്ച ഉച്ചയ്ക്കു രണ്ടരയോടെയായിരുന്നു സംഭവം. ചങ്ങനാശേരി സ്വദേശിയായ ചാക്കോച്ചനെ(50)യും കുടുംബത്തെയും ആക്രമിച്ചാണ് സ്വർണമാല കവർന്നത്.

ഒരാഴ്ച മുൻപായിരുന്നു സംഭവങ്ങളുടെ തുടക്കം. ചങ്ങനാശേരി സ്വദേശിയായ ചാക്കോച്ചൻ പുതുപ്പള്ളി ഭാഗത്ത് ഇന്നോവ വിൽക്കാനുണ്ട് എന്നറിഞ്ഞാണ് പുതുപ്പള്ളി സ്വദേശിയെ ഫോണിൽ ബന്ധപ്പെട്ടത്. ഇത് അനുസരിച്ച് ചാക്കോച്ചനോടും കുടുംബത്തോടും പുതുപ്പള്ളിയിൽ എത്താൻ കാർ വിൽക്കാനുണ്ടെന്നു അറിയിച്ച വ്യക്തി പറഞ്ഞു. ഇത് അനുസരിച്ച് ചാക്കോച്ചനും കുടുംബവും പുതുപ്പള്ളിയിൽ എത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവിടെ എത്തിയ ശേഷം ഫോൺ വിളിച്ചെങ്കിലും കാർ വിൽക്കാനുണ്ടെന്നു പറഞ്ഞ ആളെ ഫോണിൽ ബന്ധപ്പെടാൻ സാധിച്ചില്ല. പിന്നീട് ഇയാളെ ഫോണിൽ ലഭിച്ചെങ്കിലും പല സ്ഥലങ്ങൾ മാറ്റി പറഞ്ഞ് ചാക്കോച്ചനെയും കുടുംബത്തെയും വഴി തെറ്റിച്ചു. ഏറ്റവും ഒടുവിൽ പുതുപ്പള്ളി പഞ്ചായത്ത് ഭാഗത്ത് എത്താനാണ് ഫോണിൽ എതിർ തലയ്ക്കലുണ്ടായിരുന്നയാൾ നിർദേശിച്ചത്. ഇത് അനുസരിച്ച് എത്തിയ ചാക്കോച്ചനെയും കുടുംബത്തെയും ചുവന്ന സ്വിഫ്റ്റ് കാറിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു.

ഇന്നോവ കാണിച്ചു തരാമെന്നു പറഞ്ഞ് ആളൊഴിഞ്ഞ വീട്ടിലേയ്ക്കു കയറ്റിയ ശേഷം കുരുമുളക് സ്‌പ്രേ മുഖത്ത് അടിച്ച ശേഷം ചാക്കോച്ചന്റെ കഴുത്തിൽക്കിടന്ന മാല പൊട്ടിച്ചെടുക്കുകയായിരുന്നു. ഇവർ ബഹളം വച്ചതോടെ മാല മോഷ്ടിച്ച സംഘം ചുവന്ന സ്വിഫ്റ്റ് കാറിൽ ഞാലിയാകുഴി ഭാഗത്തേയ്ക്കു രക്ഷപെട്ടതായി ചാക്കോച്ചൻ ഈസ്റ്റ് പൊലീസിനു മൊഴി നൽകി.

അസ്വസ്ഥത അനുഭവപ്പെട്ട ചാക്കോച്ചൻ പുതുപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. തുടർന്നു ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ നിർമ്മൽ ബോസിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്ത് എത്തി. തുടർന്നു, പ്രദേശത്തെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ അടക്കം ശേഖരിച്ചിട്ടുണ്ട്. ചാക്കോച്ചന്റെ മൊഴിയെടുത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

എന്നാൽ, സംഭവത്തിനു പിന്നിൽ ദുരൂഹതയുണ്ടെന്നാണ് സൂചന ലഭിക്കുന്നത്. മാല മോഷണത്തിനു പിന്നിൽ മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.