ഇന്നസെന്റിന്റെ മൃതദേഹം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ എത്തിച്ചു; പൊതുദര്‍ശനം തുടങ്ങി; കടവന്ത്രയിലെ പൊതുദർശനം 12 മണി വരെ; ഉച്ചയ്ക്ക് ശേഷം ഇരിങ്ങാലക്കുട ടൗണ്‍ ഹാളിൽ പൊതുദര്‍ശനം; പൊട്ടിച്ചിരിപ്പിച്ച നടനെ ഒരു നോക്ക് കാണാൻ കണ്ണീരോടെ ആയിരങ്ങൾ…..
സ്വന്തം ലേഖിക
കൊച്ചി: നടനും മുന്‍ എംപിയുമായ ഇന്നസെന്റിന്റെ ഭൗതികദേഹം ലേക്‌ഷോര്‍ ആശുപത്രിയില്‍ നിന്ന് കടവന്ത്രയിലെ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് എത്തിച്ചു.
രാവിലെ എട്ട് മണി മുതല്‍ 11 മണിവരെ ഇവിടെ പൊതുദര്‍ശനമുണ്ടാകും. തുടര്‍ന്ന് സ്വദേശമായ ഇരിങ്ങാലക്കുടയിലേക്ക് കൊണ്ടുപോകും. ഇരിങ്ങാലക്കുട ടൗണ്‍ ഹാളിലെ പൊതുദര്‍ശനത്തിനു ശേഷം വൈകിട്ട് 5ന് വീട്ടിലെത്തിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്കാരം നാളെ രാവിലെ 10ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ നടത്തും. അഞ്ചു പതിറ്റാണ്ടിലേറെ നര്‍മ്മവും ഗൗരവവും നിറഞ്ഞ വിവിധ വേഷങ്ങളിലൂടെ മലയാളികളുടെ മനംകവര്‍ന്ന നടനും മുന്‍ പാര്‍ലമെന്റ് അംഗവും താരസംഘടനയായ അമ്മയുടെ മുന്‍ പ്രസിഡന്റുമായ ഇന്നസെന്റ് ഇന്നലെ രാത്രി 10.30 ന് ആണ് അന്തരിച്ചത്. 75 വയസായിരുന്നു.
മാര്‍ച്ച് രണ്ടിനാണ് ഇന്നസെന്റിനെ ലേക്‌ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാന്‍സറിന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ശ്വാസകോശം, ഹൃദയം, കിഡ്നി എന്നിവയ്ക്കും പ്രശ്‌നങ്ങള്‍ ബാധിച്ചിരുന്നു. വെന്റിലേറ്ററിലും ഐ.സി.യുവിലുമായി കഴിഞ്ഞിരുന്ന അദ്ദേഹത്തിന്റെ നില രണ്ടാഴ്ചയായി ഗുരുതരമായി തുടരുകയായിരുന്നു.
ഇന്നലെ രാത്രി ഒൻപതിന് ഇന്നസെന്റിനെ ചികിത്സിക്കുന്ന കാന്‍സര്‍ വിദഗ്ദ്ധന്‍ ഡോ. വി.പി. ഗംഗാധരന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നിരുന്നു. പ്രതീക്ഷയ്ക്ക് വകയില്ലാത്തവിധം അതീവഗുരുതരമായതിനാല്‍ ജീവന്‍ നിലനിറുത്തിയിരുന്ന എക്സ്ട്രാകോര്‍പ്പറിയല്‍ മെമ്ബറന്‍സ് ഓക്‌സിജനേഷന്‍ (ഇ.സി.എം.ഒ) സംവിധാനം നീക്കാന്‍ 10 മണിയോടെ തീരുമാനിച്ചു. 10.30ന് മരണം സ്ഥിരീകരിച്ചു.
മരണവിവരമറിഞ്ഞ് താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, ദിലീപ് തുടങ്ങിയവര്‍ ആശുപത്രിയിലെത്തി.