പതിനൊന്നുകാരന് മരുന്നുമാറി കുത്തിവെപ്പ് നൽകിയ സംഭവം: ഡ്യൂട്ടി നഴ്സിന്റേത് ഗുരുതര കൃത്യവിലോപമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടറുടെ റിപ്പോർട്ട്
തിരുവനന്തപുരം: തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ പനിക്ക് ചികിത്സ തേടിയെത്തിയ പതിനൊന്നുകാരന് വയസ്സുകാരന് മരുന്നുമാറി കുത്തിവെപ്പ് നൽകിയ സംഭവത്തിൽ ഡ്യൂട്ടി നഴ്സിന്റേത് ഗുരുതര കൃത്യവിലോപമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടറുടെ റിപ്പോർട്ട്.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഡ്യൂട്ടിനഴ്സ് സിനു ചെറിയാനെ ആരോഗ്യവകുപ്പ് ഡയറക്ടർ സസ്പെൻഡ് ചെയ്തത്. ഡോക്ടറുടെ കുറിപ്പടി പരിശോധിച്ച് രോഗിക്ക് കുത്തിവെപ്പും മരുന്നും നൽകേണ്ടത് ഡ്യൂട്ടിനഴ്സിന്റെ ചുമതലയാണ്. അത് ചെയ്യാതെ മറ്റുജോലികളിൽ ഇവർ ഏർപ്പെട്ടിരുന്നുവെന്നാണ് ആരോഗ്യവകുപ്പ് ഡയറക്ടർ കണ്ടെത്തിയത്.
ഇത് ഗുരുതര വീഴ്ചയാണെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ ജെ റീന പറഞ്ഞു. പകരം കുത്തിവെപ്പ് നിർവഹിച്ചത് എൻഎച്ച്എം നഴ്സ് അഭിരാമി ആയിരുന്നു. ജോലിയിൽനിന്ന് അഭിരാമിയെ പിരിച്ച് വിട്ടിട്ടുണ്ട്. സംഭവദിവസം ഡ്യൂട്ടിയിൽ ഉണ്ടാകേണ്ടിയിരുന്ന ഒരു നഴ്സ് അവധി അപേക്ഷ നേരത്തേ നൽകിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത് അനുവദിച്ച നഴ്സിങ് സൂപ്രണ്ട് പകരം ആളിനെ ജോലിക്ക് നിയോഗിച്ചില്ല. ഒരാളെ നിയോഗിച്ചിരുന്നുവെങ്കിൽ ഡ്യൂട്ടി നഴ്സിന് മറ്റുജോലികൾ ചെയ്യേണ്ടിവരില്ലായിരുന്നു. ഇതുസംബന്ധിച്ച് നഴ്സിങ് സൂപ്രണ്ടിനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്.
എന്നാൽ, മരുന്നുമാറി കുത്തിവെച്ചതായി ശാസ്ത്രീയമായി കണ്ടെത്തിയിട്ടില്ല. മരുന്ന് മാറിയതിനാലാണ് കുട്ടി അപകടാവസ്ഥയിലായതെന്ന് കുട്ടി ചികിത്സിക്കുന്ന കഴിയുന്ന എസ്എടി ആശുപത്രി അധികൃതരും അറിയിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
അതേസമയം, മരുന്ന് മാറിയിട്ടുണ്ടോയെന്ന് പരിശോധിക്കാൻ ചുമതലപ്പെടുത്തിയ ആരോഗ്യവിദഗ്ധരുടെ റിപ്പോർട്ട് ലഭിച്ചാലേ ഇക്കാര്യം സ്ഥിരീകരിക്കാൻ കഴിയൂ. റിപ്പോർട്ട് ലഭിച്ചശേഷം ആവശ്യമെങ്കിൽ കൂടുതൽ നടപടിയുണ്ടാകുമെന്നും ആരോഗ്യവകുപ്പ് ഡയറക്ടർ അറിയിച്ചു. കുട്ടിയുടെ ആരോഗ്യസ്ഥിതി മാറ്റമില്ലാതെ തുടരുകയാണ്. കുട്ടി വെന്റിലേറ്ററിൽ തുടരുകയാണ്.
കണ്ണമ്മൂല സ്വദേശിയുടെ മകനെ കഴിഞ്ഞ 30 നാണ് തൈക്കാട് ആശുപത്രിയിൽ മരുന്ന് മാറി കുത്തിെവച്ചതായി ആരോപണം ഉയർന്നത്. കുത്തിവെപ്പിനെ തുടർന്ന് നെഞ്ചുവേദനയും ഛർദിയും ഉണ്ടായി ഗുരുതരാവസ്ഥയിലായ കുട്ടിയെ അവിടെനിന്ന് എസ്.എ.ടിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.