സർക്കാർ ഉത്തരവുകളും ചട്ടങ്ങളും പ്രകാരം ഓഫീസ് രേഖകള്‍ കൃത്യമായി സൂക്ഷിക്കേണ്ടത് ഓഫീസ് മേധാവിയുടെ ബാധ്യത ; വിവരാവകാശനിയമപ്രകാരം രേഖകള്‍ നല്‍കിയില്ലെങ്കില്‍ അപേക്ഷകന് നഷ്ടപരിഹാരം നല്കാൻ നിയമത്തില്‍ വ്യവസ്ഥ : വിവരാവകാശ കമ്മീഷൻ
സ്വന്തം ലേഖകൻ
കോട്ടയം: വിവരാവകാശനിയമപ്രകാരം രേഖകള്‍ നല്‍കിയില്ലെങ്കില്‍ അപേക്ഷകന് നഷ്ടപരിഹാരം നല്കാൻ നിയമത്തില്‍ വ്യവസ്ഥയുണ്ടെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ.കെ.എം. ദിലീപ് പറഞ്ഞു. കോട്ടയം കളക്ട്രേറ്റ് കോണ്‍ഫറൻസ് ഹാളില്‍ നടന്ന വിവരാവകാശ കമ്മീഷൻ സിറ്റിങിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവരാവകാശനിയമപ്രകാരം അപേക്ഷകനു ലഭിക്കേണ്ട രേഖകള്‍/വിവരങ്ങള്‍ ലഭ്യമല്ലെന്നു കാട്ടി മറുപടി നല്കുന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇങ്ങനെ രേഖകള്‍ ലഭിക്കാത്തതുമൂലം അപേക്ഷകനുണ്ടാകുന്ന നഷ്ടം കണക്കാക്കി നഷ്ടപരിഹാരം വകുപ്പിന്റെ പൊതുഅധികാരിയില്‍നിന്ന് ഈടാക്കാൻ വിവരാവകാശ നിയമത്തില്‍ വ്യവസ്ഥയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സർക്കാർ ഉത്തരവുകളും ചട്ടങ്ങളും പ്രകാരം ഓഫീസ് രേഖകള്‍ കൃത്യമായി സൂക്ഷിക്കേണ്ടത് ഓഫീസ് മേധാവിയുടെ ബാധ്യതയാണ്. നിയമാനുസൃതമായ രേഖകള്‍ പൂർണമായോ ഭാഗകമായോ നല്‍കിയില്ലെങ്കില്‍ നഷ്ടപരിഹാരം വകുപ്പ്/സ്ഥാപനത്തിന്റെ പൊതുഅധികാരിയില്‍നിന്ന് ഈടാക്കാനാണ് വ്യവസ്ഥയുള്ളത്.
തീരദേശപരിപാലന നിയമമനുസരിച്ച് കെട്ടിടനിർമാണത്തിന് അനുമതി നല്കിയ രേഖയുടെ പകർപ്പ് ലഭ്യമാക്കാനായി കൊച്ചി മുനിസിപ്പല്‍ കോർപറേഷൻ വൈറ്റില സോണ്‍ ഓഫീസില്‍ ചെല്ലാനം സ്വദേശി വിവരാവകാശ അപേക്ഷ നല്കി. എന്നാല്‍ രേഖ ലഭ്യമല്ലെന്ന മറുപടിയാണ് കോർപറേഷൻ നല്‍കിയത്. തുടർന്ന് അപേക്ഷകൻ വിവരാവകാശകമ്മീഷനെ സമീപിക്കുകയായിരുന്നു.
ഈ കേസില്‍ തദ്ദേശസ്വയംഭരണവകുപ്പിന്റെ പൊതുഅധികാരിയില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കാനാണ് സിറ്റിങില്‍ തീരുമാനിച്ചത്. ചെമ്ബ് ഗ്രാമപഞ്ചായത്തില്‍ 2000ല്‍ കെട്ടിടം വാടകയ്ക്ക് എടുത്തതിന് നിരതദ്രവ്യമായി അടച്ച 25000 രൂപയുടെ ഓഫീസ് രസീതിന്റെ പകർപ്പ് വിവരങ്ങള്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കാട്ടിക്കുന്ന് സ്വദേശി നല്കിയ അപേക്ഷയില്‍ രസീതിന്റെ പകർപ്പ് നല്കാൻ കമ്മീഷൻ നിർദ്ദേശം നല്കി. രസീത് ലഭ്യമല്ലെന്ന പഞ്ചായത്തിന്റെ മറുപടി കമ്മീഷൻ അംഗീകരിച്ചില്ല.
34 കേസുകളാണ് സിറ്റിങില്‍ പരിഗണിച്ചത്. ഇതില്‍ 33 കേസ് തീർപ്പാക്കി. ഒരെണ്ണം പിന്നീട് പരിഗണിക്കാനായി മാറ്റി. തദ്ദേശസ്വയംഭരണ വകുപ്പ്, പൊലീസ്, വിജിലൻസ്, കെ.എസ്.ഇ.ബി., ആരോഗ്യവകുപ്പ്, സഹകരണവകുപ്പ്, വിജിലൻസ്, മഹാത്മാഗാന്ധി സർവകലാശാല എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് കമ്മീഷൻ പരിഗണിച്ചത്.