40 ദിവസം പ്രായമായ പെൺകുഞ്ഞിനെ നാലര ലക്ഷം രൂപയ്ക്ക് മാതാപിതാക്കൾ വിറ്റു: തനിക്ക് ലഭിച്ച വിഹിതം കുറഞ്ഞു പോയെന്ന് അമ്മയുടെ വാദം, സംഭവത്തിൽ 5 പേർ അറസ്റ്റിൽ
തമിഴ്നാട്: നവജാത ശിശുവിനെ വില്‍പ്പന നടത്തിയ അഞ്ച് പേര്‍ അറസ്റ്റില്‍. ഈറോഡിൽ 40 ദിവസം പ്രായമായ പെണ്‍കുഞ്ഞിനെയാണ് മാതാപിതാക്കൾ വിറ്റത്. സി സന്തോഷ് കുമാര്‍ (47), ആര്‍ സെല്‍വി (28), എ സിദ്ദിഖ ഭാനു (44), എസ് രാധ (39), ജി രേവതി(35) എന്നിവരാണ് അറസ്റ്റിലായത്.
തഞ്ചാവൂര്‍ സ്വദേശിനിയാണ് കുഞ്ഞിന് ജന്മം നൽകിയത്. സന്തോഷ് കുമാറാണ് പിതാവ്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ ശേഷം കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് യുവതി ഈറോഡിലെത്തിയത്. തുടര്‍ന്ന് സന്തോഷ് കുമാറുമായി അടുപ്പത്തിലായി. ഈറോഡ് സെന്‍ട്രല്‍ ബസ് സ്റ്റാന്‍ഡിനടുത്താണ് ഇരുവരും താമസിച്ചിരുന്നത്.
ഗര്‍ഭിണിയായതോടെ ഗര്‍ഭഛിദ്രത്തിന് സഹായം തേടിയാണ് യുവതി സെല്‍വിയെ സമീപിക്കുന്നത്. എന്നാല്‍ ഇവര്‍ സമീപിച്ച ആശുപത്രികളെല്ലാം ഗര്‍ഭഛിദ്രത്തിന് വിസമ്മതിക്കുകയായിരുന്നു. തുടർന്ന് ഈറോഡ് സര്‍ക്കാര്‍ ആശുപത്രിയിൽ കുഞ്ഞിനെ പ്രസവിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സെല്‍വിയുടെ ആവശ്യപ്രകാരമാണ് കുഞ്ഞിനെ വില്‍ക്കാന്‍ യുവതിയും സന്തോഷ് കുമാറും തീരുമാനിച്ചതെന്ന് പോലീസ് പറഞ്ഞു. നാലര ലക്ഷം രൂപയ്ക്കാണ് നാഗർകോവിൽ ഉള്ള ദമ്പതികൾക്ക് കുഞ്ഞിനെ വിറ്റത്. സിദ്ദിഖ ഭാനു, രാധ, രേവതി എന്നിവരായിരുന്നു വില്‍പ്പനയുടെ ഇടനിലക്കാര്‍.
ഇതിന് പിന്നാലെ കുഞ്ഞിനെ വിറ്റതിന് ലഭിച്ച നാലര ലക്ഷത്തില്‍ തനിക്ക് ലഭിച്ച വിഹിതം കുറഞ്ഞുപോയെന്ന് പറഞ്ഞ് കുഞ്ഞിന്റെ അമ്മ മറ്റുള്ളവരുമായി തറക്കത്തിലായി . ഇതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. യുവതി വിവരം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്‌സിനോട് വെളിപ്പെടുത്തി. ഇവർ വിവരം അധികൃതരെ അറിയിക്കുകയും ശിശുക്ഷേമ സമിതിയില്‍ പരാതി നല്‍കുകയുമായിരുന്നു.
തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. കുഞ്ഞിന്റെ അമ്മയുടെയും കുഞ്ഞിനെ പണം നല്‍കി വാങ്ങിയവരുടെയും അറസ്റ്റ് ഉടനുണ്ടാകുമെന്ന് ഈറോഡ് എസ്പി ജി ജവാഹര്‍ അറിയിച്ചു.