വ്യവസായം തുടങ്ങാൻ മുൻകൂർ അനുമതി വേണ്ട: ബില്ലിനെ സ്വാഗതം ചെയ്യുന്നു: സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സ്
സ്വന്തം ലേഖകൻ
കോട്ടയം : ചെറുകിട ഇടത്തരം സൂക്ഷ്മ വ്യവസായങ്ങൾ ആരംഭിക്കാൻ മുൻ കൂർ അനുമതി വേണ്ടെന്ന ബിൽ പാസാകുന്നതോടെ കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറുമെന്ന് സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സ് അറിയിച്ചു.
എന്നാൽ , ഈ നിയമം യാഥാർത്ഥ്യമാകണമെങ്കിൽ കേരളത്തിലെ നിലവിലുള്ള അന്തരീക്ഷം കൂടുതൽ വ്യവസായ സൗഹൃദമാകണം. ഇതിന് ബില്ലിൽ ഉൾപ്പെടുത്തേണ്ട കൂടുതൽ നിർദേശങ്ങൾ അടങ്ങിയ നിവേദനം മുഖ്യമന്ത്രി പിണറായി വിജയന് നൽകാനും ചേംബർ ഓഫ് കൊമേഴ്സ് ഭാരവാഹികൾ തീരുമാനിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പത്തു കോടി രൂപ വരെ മുതൽ മുടക്കുള്ള വ്യവസായങ്ങൾ തുടങ്ങുന്നതിനു മുൻകൂർ അനുമതി വേണ്ടെന്നാണ് സർക്കാർ സഭയിൽ അവതരിപ്പിക്കുന്ന ബില്ലിൽ പറയുന്നത്. ഇത് വ്യവസായികൾക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ്. ഈ സാഹചര്യത്തിൽ ബിൽ നിയമമാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കം സ്വാഗതാർഹമാണെന്നും സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സ് അറിയിച്ചു.
നേരത്തെ വ്യവസായികൾക്ക് ഏറെ പ്രശ്‌നങ്ങളുള്ള സംസ്ഥാനമായിരുന്നു കേരളം. എന്നാൽ, ഇപ്പോൾ അത് മാറി വരുന്ന സൗഹചര്യമാണ്. പുതിയ ബിൽ കേരളത്തെ കൂടുതൽ വ്യവസായ സൗഹൃദമാക്കി മാറ്റും. വ്യവസായങ്ങൾ ആരംഭിച്ച് മൂന്നു വർഷത്തിനുള്ളിൽ മാത്രം അനുമതി നേടിയെടുത്താൽ മതിയെന്നാണ് പുതിയ ബിൽ വ്യവസ്ഥ ചെയ്യുന്നത്. ഇത് കൂടുതൽ വ്യവസായികളെ കേരളത്തിലേയ്ക്ക് ആകർഷിക്കും.
സർക്കാരിന്റെ വിവിധ വകുപ്പുകളിൽ നിന്നും വ്യവസായം തുടങ്ങാൻ അനുമതി നേടിയെടുക്കുക എന്നതാണ് ഏതൊരു വ്യവസായിയെയും സംബന്ധിച്ചുള്ള പ്രധാന കടമ്പ. ഈ കടമ്പകൾ കടക്കാൻ മൂന്നു വർഷം സമയം അനുവദിച്ചിരിക്കുന്നു എന്നത് വ്യവസായ സംരംഭം ആരംഭിക്കാൻ എത്തുന്നവർക്ക് ഏറെ ആശ്വാസം പകരുന്നതാണ്. വ്യവസായം ആരംഭിക്കാൻ എത്തുന്നവർക്ക് സ്വാതന്ത്ര്യവും, ആശ്വാസവും നിക്ഷേപങ്ങൾക്ക് സുരക്ഷിതത്വവും നൽകുന്നതാണ് ഇപ്പോൾ പുറത്തു വന്ന ബില്ലിന്റെ ഉള്ളടക്കം.
എന്നാൽ , ബിൽ നടപ്പാകും എന്ന് പറയുമ്പോഴും വ്യവസായം തുടങ്ങുന്നത് സംബന്ധിച്ചുള്ള ചില ആശങ്കൾ ഇപ്പോഴും തുടരുകയാണ്. വ്യവസായം ആരംഭിക്കുന്നതിന് അടിസ്ഥാന പരമായി വേണ്ടത് വൈദ്യുതിയാണ്. എന്നാൽ , ഏതൊരു വ്യവസായിയും ഇപ്പോൾ നേരിടുന്ന പ്രധാന പ്രതിസന്ധി.
മറ്റു സംസ്ഥാനങ്ങളിൽ അപേക്ഷ നൽകി മണിക്കൂറുകൾക്കകം വൈദ്യുതി ലഭിക്കുമ്പോൾ, കേരളത്തിൽ ഇതിനായി മാസങ്ങൾ കാത്തിരിക്കേണ്ടി വരുന്നത് വ്യവസായികൾക്ക് പ്രതിസന്ധിയാണ്.
ഈ സാഹചര്യത്തിൽ കേരളത്തിൽ വ്യവസായങ്ങൾക്ക് വൈദ്യുതി കണക്ഷൻ ലഭിക്കാനുള്ള ക്രമീകരണം വേഗത്തിലാക്കാൻ നടപടി ഉണ്ടാകണം.
വ്യവസായം ആരംഭിക്കുന്നതിനായി , അപേക്ഷ നൽകിയാൽ ഏഴ് ദിവസത്തിനകം എങ്കിലും കണക്ഷൻ നൽകാൻ നടപടി ഉണ്ടാകണം. ഇതിന് സർക്കാരും , അതത് വകുപ്പുകളും ഉറപ്പ് വരുത്തണം. ട്രേഡ് യൂണിയനുകളുടെ ഇടപെടലുകളിൽ നിന്നും ഈ വ്യവസായങ്ങളെ പൂർണമായും ഒഴിവാക്കുകയാണ് വ്യവസായികൾ അതിജീവിക്കാനും കേരളത്തിൽ പിടിച്ച് നിൽക്കാനുമുള്ള പ്രധാന മാർഗം. ട്രെഡ് യുണിയനുകളുടെ പ്രവർത്തനങ്ങൾ ഈ വ്യവസായങ്ങളെ ഒരു രീതിയിലും ബാധിക്കുന്നില്ലന്ന് ഉറപ്പാക്കണം. യൂണിയനുകൾക്ക് മോറട്ടോറിയം പ്രഖ്യാപിക്കണം.
ഇത് കൂടാതെ വ്യാപാരികൾക്ക് നികുതി ഇളവുകളും , മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ടെന്നും ഉറപ്പാക്കണം. പുതിയ വ്യവസായങ്ങൾ ആരംഭിക്കുന്ന കമ്പനികൾ ഉത്പാദിപ്പിക്കുന്ന വസ്തുക്കൾക്ക് നിശ്ചിത കാലത്തേയ്ക്ക് നികുതി ഇളവുകൾ ഉണ്ടാകണം. അത് പോലെ തന്നെ വ്യവസായങ്ങൾ വ്യവസായ മേഖലയുടെ മാതൃകയിൽ സ്ഥലം നൽകാനും സർക്കാർ നടപടി സ്വീകരിക്കണമെന്ന് സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസ് പ്രസിഡന്റ് വിൽസൺ ജേക്കബ് , വൈസ് പ്രസിഡന്റ് ടി.ശശികുമാർ , സെക്രട്ടറി ജോജോ കുര്യൻ , ട്രഷറർ ഷാജൻ ജോൺ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.