play-sharp-fill
ഭീമന്റേയും അര്‍ജുനന്റേയും വേഷങ്ങളൊക്കെ ഇപ്പോഴും മനസിലുണ്ട്: ഇന്ദ്രന്‍സ്

ഭീമന്റേയും അര്‍ജുനന്റേയും വേഷങ്ങളൊക്കെ ഇപ്പോഴും മനസിലുണ്ട്: ഇന്ദ്രന്‍സ്

സ്വന്തംലേഖകൻ

കോട്ടയം :    22-ാമത് ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്രമേളയില്‍ ഔട്ട്സ്റ്റാന്‍ഡിങ് ആര്‍ട്ടിസ്റ്റിക് അച്ചീവ്‌മെന്റ് പുരസ്‌കാര നേട്ടത്തിലൂടെ മലയാള സിനിമയെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ചിരിക്കുകയാണ് ഇന്ദ്രന്‍സ്.
ഇനിയും ഒരുപാട് സ്വപ്‌നങ്ങള്‍ ഉണ്ടെന്നാണ് ഇന്ദ്രന്‍സ് പറയുന്നത്.
‘ഭീമന്റേയും അര്‍ജുനന്റേയും വേഷങ്ങളൊക്കെ ഇപ്പോഴും മനസിലുണ്ട്. ശാരീരിക പരിമിതിയും വലിപ്പക്കുറവുമൊക്കെ ഉണ്ടെന്നറിയാം, പക്ഷെ ആഗ്രഹങ്ങള്‍ അതിരില്ലല്ലോ? ശാരീരിക പരിമിതിയെ മനസുകൊണ്ട് കീഴടക്കാം എന്നു കരുതുന്നു. ഭീമനും അര്‍ജുനനുമൊക്കെ ആയി അഭിനയിക്കാന്‍ മനസ്സില്‍ വലിയ ആഗ്രഹമാണ്. സിനിമയില്‍ സൗന്ദര്യത്തിനും വലുപ്പത്തിനും നിറത്തിനുമൊക്കെ വളരെ പ്രാധാന്യമുണ്ട്. അത് പെട്ടെന്നൊന്നും പൊളിച്ചെഴുതാന്‍ കഴിയില്ല. അങ്ങനെയാണ് വേണ്ടതും.’ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ ഇന്ദ്രന്‍സ് പറഞ്ഞു.ഷാങ്ഹായ് ചലചിത്രമേളയില്‍ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ സിനിമയാണ് വെയില്‍മരങ്ങള്‍. കേരളത്തില്‍ നിന്ന് ഹിമാചലിലേക്ക് പലായനം ചെയ്യപ്പെട്ട ദളിത് കുടുംബത്തിന്റെ കഥയാണ് ഇന്ദ്രന്‍സ് കേന്ദ്രകഥാപാത്രമായ സിനിമ പറയുന്നത്. ഹിമാചല്‍പ്രദേശ്, കേരളത്തിലെ മണ്‍റോ തുരുത്ത് എന്നിവിടങ്ങളിലായി വിവിധ കാലാവസ്ഥകളില്‍ ഒന്നര വര്‍ഷം കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ഇന്ദ്രന്‍സ്, സരിത കുക്കു, കൃഷ്ണന്‍ ബാലകൃഷ്ണന്‍, പ്രകാശ് ബാരെ, മാസ്റ്റര്‍ ഗോവര്‍ധന്‍, അശോക് കുമാര്‍, നരിയാപുരം വേണു, മെല്‍വിന്‍ വില്യംസ്, എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.