ഇരുചക്ര വാഹനങ്ങൾ തമ്മിൽ ഉരസി; വാക്ക് തർക്കത്തെ തുടർന്ന് ഗർഭിണിയായ അഭിഭാഷയ്ക്കും ഭർത്താവിനും ക്രൂരമർദ്ദനം; സംഭവത്തിൽ രണ്ടുപേരെ പോലീസ് പിടികൂടി
ഇൻഡോർ: സ്കൂട്ടർ ഇരുചക്രവാഹനവുമായി ഉരസി. ഗർഭിണിയായ അഭിഭാഷകയ്ക്കും ഭർത്താവിനും ക്രൂരമർദ്ദനം. ഇൻഡോറിലെ ആനന്ദ്ബസാർ മേഖലയിലാണ് സംഭവം.
തിങ്കളാഴ്ച വൈകുന്നേരം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അഭിഭാഷകയുടെ ഭർത്താവ് ഓടിച്ചിരുന്ന സ്കൂട്ടറിലേക്ക് രണ്ട് യുവാക്കളുടെ ഇലക്ട്രിക് സ്കൂട്ടർ ഇടിക്കുന്നത്.
അപകടത്തിൽ ഇരുവാഹനങ്ങളും മറിഞ്ഞു വീണുവെങ്കിലും ആർക്കും അപകട സംഭവിച്ചിരുന്നില്ല. എന്നാൽ തെറ്റായ ദിശയിൽ നിന്ന് എത്തിയതിന് അഭിഭാഷകയുടെ ഭർത്താവ് ചോദ്യം ചെയ്തതോടെ യുവാക്കൾ ദമ്പതികളെ ആക്രമിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
യുവാക്കളുടെ സുഹൃത്തുക്കൾ കൂടി സംഭവ സ്ഥലത്തേക്ക് എത്തിയതിന് പിന്നാലെ ദമ്പതികളെ വലിച്ചിഴച്ച് സമീപത്തെ കെട്ടിടത്തിലെത്തിച്ചായിരുന്നു യുവാക്കളുടെ അക്രമം.
ഭർത്താവിനെ ആക്രമിക്കുന്നത് കണ്ട് രക്ഷപ്പെടുത്താൻ ശ്രമിച്ചപ്പോഴാണ് അഭിഭാഷകയ്ക്ക് മർദ്ദനമേറ്റത്. അസഭ്യ വർഷത്തോടെ ബെൽറ്റിന് അടിക്കാൻ തുടങ്ങിയപ്പോൾ യുവതി ഗർഭിണിയാണെന്ന് വ്യക്തമാക്കിയെങ്കിലും യുവാക്കൾ അക്രമം നിർത്തിയില്ല.
യുവാക്കളിലൊരാൾ അഭിഭാഷകയുടെ കഴുത്തിന് കുത്തിപ്പിടിച്ച് ഭിത്തിയിലേക്ക് ചേർത്തുനിർത്തിയതോടെ ഒപ്പമുള്ളവർ ആക്രമിക്കുകയായിരുന്നു.
ആളൊഴിഞ്ഞ കെട്ടിടത്തിൽ നിന്ന് ബഹളം കേട്ട് ഇവിടേക്ക് നാട്ടുകാരിലൊരാൾ എത്തിയതോടെയാണ് അക്രമികൾ ദമ്പതികളെ ഉപേക്ഷിച്ച് ഓടിയത്. ഇയാളുടെ സഹായത്തോടെയാണ് ദമ്പതികൾ ആശുപത്രിയിലെത്തി ചികിത്സ തേടിയത്.
അക്രമികളിൽ രണ്ട് പേരെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറിയിട്ടുണ്ട്. കൊലപാതക ശ്രമം അടക്കമുള്ള കുറ്റമാണ് പ്രതികൾക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. അക്രമികളിലൊരാൾ ഒളിവിൽ പോയിരിക്കുകയാണ് ഇയാൾക്കായുള്ള തെരച്ചിൽ പൊലീസ് ഊർജ്ജിതമാക്കിയിരിക്കുകയാണ്.