
216 യാത്രക്കാരുമായി ബെംഗളൂരുവിലേക്ക് പോയ ഇൻഡിഗോ എയർലൈൻസ് വിമാനം പക്ഷി ഇടിച്ചതിനെ തുടർന്ന് ലാല്‍ ബഹാദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. ഞായറാഴ്ച രാത്രിയാണ് സംഭവം. വിമാനത്തിലുണ്ടായിരുന്ന 216 യാത്രക്കാരെയും സുരക്ഷിതമായി മാറ്റിയെന്നും എല്ലാവരും സുരക്ഷിതരാണെന്നും എയർപോർട്ട് ഡയറക്ടർ പുനീത് ഗുപ്ത അറിയിച്ചു.
ഗോരഖ്പൂരില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന 6E 437 വിമാനത്തിന്റെ മുൻഭാഗത്തിന് പക്ഷി ഇടിച്ചതിനെ തുടർന്ന് കേടുപാടുകള്‍ സംഭവിച്ചതായി അധികൃതർ അറിയിച്ചു.
സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് പൈലറ്റ് ഉടൻ തന്നെ വാരണാസി എയർ ട്രാഫിക് കണ്‍ട്രോളുമായി ബന്ധപ്പെടുകയും വിമാനം വാരണാസി വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കുകയും ചെയ്തുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. തിങ്കളാഴ്ച ചില യാത്രക്കാരെ അവരുടെ ലക്ഷ്യസ്ഥാനത്തേക്ക് എത്തിച്ചതായും ബാക്കിയുള്ള യാത്രക്കാരെ മറ്റ് വിമാനങ്ങളില്‍ അയയ്ക്കാനുള്ള ക്രമീകരണങ്ങള്‍ ചെയ്തതായും ഗുപ്ത പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group



