
തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്ന സാധാരണക്കാർക്ക് വലിയ ആശ്വാസമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സംയോജിത ഫാർമസി കൗണ്ടർ പ്രവർത്തനം ആരംഭിച്ചു. വിവിധ ആരോഗ്യ ഇൻഷുറൻസ് പദ്ധതികളിൽ ഉൾപ്പെട്ടവർക്ക് മരുന്നുകൾക്കായി പല ഫാർമസികളിലും കയറിയിറങ്ങേണ്ടി വന്നിരുന്ന ബുദ്ധിമുട്ടിന് ഇതോടെ പരിഹാരമാകും.
ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേരിട്ടുള്ള ഇടപെടലിനെ തുടർന്നാണ് സംസ്ഥാനത്ത് ആദ്യമായി ഇത്തരമൊരു മാതൃകാ സംവിധാനം നടപ്പിലാക്കുന്നത്. മുൻപ് ഇൻഷുറൻസ് പദ്ധതിയിലുള്ള രോഗികൾക്ക് ആവശ്യമായ മരുന്നുകൾ ലഭിക്കാനായി ഒന്നിലധികം ഫാർമസികൾ തേടേണ്ട അവസ്ഥയുണ്ടായിരുന്നു. ഒരു ഫാർമസിയിൽ മരുന്ന് ലഭ്യമല്ലെങ്കിൽ അവിടെ നിന്ന് സീൽ വാങ്ങി മറ്റിടങ്ങളിലേക്ക് പോകേണ്ടി വരുന്ന പ്രയാസം ശ്രദ്ധയിൽപ്പെട്ടതോടെയാണ് മാറ്റത്തിന് മന്ത്രി നിർദേശം നൽകിയത്.
പഴയ കാഷ്വാലിറ്റി വിഭാഗത്തിന് സമീപമാണ് പുതിയ സംയോജിത ഫാർമസി കൗണ്ടർ ഒരുക്കിയിരിക്കുന്നത്. മെയിൻ സ്റ്റോർ, കമ്മ്യൂണിറ്റി ഫാർമസി, കാരുണ്യ ഫാർമസി, എച്ച്എൽഎൽ എന്നിവയുടെ സേവനങ്ങൾ ഇനി ഒരൊറ്റ കൗണ്ടറിലൂടെ ലഭ്യമാകും. ഇവയുടെ സംയുക്തമായ ബില്ലിംഗ് സംവിധാനവും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. 24 മണിക്കൂറും മരുന്നുകൾ ലഭ്യമാകുന്ന രീതിയിലാണ് കൗണ്ടറിന്റെ പ്രവർത്തനം.

Whatsapp Group 1 | Whatsapp Group 2 |Telegram Group


