ഇറാനിലേക്ക് പോയ 3 ഇന്ത്യക്കാരെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി; ഒരു കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടെന്ന് കുടുംബങ്ങള്‍

Spread the love

ന്യൂഡൽഹി: ഇറാനിലേക്ക് യാത്ര ചെയ്ത മൂന്ന് ഇന്ത്യക്കാരെ കാണാതായതായി. പഞ്ചാബിലെ സംഗ്രൂർ സ്വദേശി ഹുഷൻപ്രീത് സിംഗ്, ഹോഷിയാർപൂർ സ്വദേശി അമൃത്പാല്‍ സിംഗ്, എസ്ബിഎസ് നഗർ ജസ്പാല്‍ സിംഗ് എന്നിവരെയാണ് കാണാതായതെന്നും ഇവരെ ഉടൻ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും ടെഹ്റാനിലെ ഇന്ത്യൻ എംബസി അറിയിച്ചു.

മെയ് 1-ന് ടെഹ്റാനില്‍ വന്നിറങ്ങിയതിന് തൊട്ടുപിന്നാലെ ഇവരെ തട്ടിക്കൊണ്ടുപോയെന്നാണ് വിവരം.

മൂന്ന് പേരെ ഇറാനില്‍ വെച്ച്‌ കാണാതായതായി അവരുടെ കുടുംബാംഗങ്ങള്‍ അറിയിച്ചതായി എംബസി വൃത്തങ്ങള്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ഇറാനിയൻ അധികാരികളുമായി ബന്ധപ്പെടുന്നുണ്ടെന്നും അവരെ ഉടൻ കണ്ടെത്താനും സുരക്ഷ ഉറപ്പാക്കാനും അഭ്യർത്ഥിച്ചിട്ടുണ്ടെന്നും എംബസി പ്രസ്താവനയില്‍ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പഞ്ചാബിലെ ഒരു ഏജന്റ് വഴിയാണ് ഈ മൂന്ന് പേരും ദുബായ്-ഇറാൻ വഴി ഓസ്ട്രേലിയക്ക് പുറപ്പെട്ടത്. ഇറാനില്‍ ഇവർക്ക് താമസസൗകര്യം ഒരുക്കാമെന്ന് ഏജന്റ് ഉറപ്പ് നല്‍കിയിരുന്നതായി റിപ്പോർട്ടുണ്ട്. എന്നാല്‍ മെയ് 1-ന് ഇറാനില്‍ വന്നിറങ്ങിയതിന് തൊട്ടുപിന്നാലെ ഇവരെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.

തട്ടിക്കൊണ്ടുപോയവർ ഒരു കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായി കുടുംബങ്ങള്‍ അറിയിച്ചു. മഞ്ഞ കയറുകളില്‍ കെട്ടിയിട്ട്, കൈകളില്‍ നിന്ന് രക്തം ഒലിച്ചിറങ്ങുന്ന നിലയിലുള്ള ഇവരുടെ വീഡിയോ തട്ടിക്കൊണ്ടുപോയവർ അയച്ചതായും കുടുംബങ്ങള്‍ പറഞ്ഞു. പണം നല്‍കിയില്ലെങ്കില്‍ ഇവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും കുടുംബങ്ങള്‍ കൂട്ടിച്ചേർത്തു.

തട്ടിക്കൊണ്ടുപോയവരുടെ ഫോണിലൂടെയാണ് ഇരകള്‍ കുടുംബാംഗങ്ങളുമായി സംസാരിച്ചിരുന്നത്. മെയ് 11 മുതല്‍ കുടുംബങ്ങള്‍ക്ക് ഇവരുമായി ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല. ഈ മൂന്ന് പേരെയും വിദേശത്തേക്ക് അയച്ച ഹോഷിയാർപൂരിലെ ഏജന്റിനെയും കാണാതായതായി റിപ്പോർട്ടുണ്ട്.