ലോകകപ്പിൽ ഇന്ത്യൻ തോൽവിയുടെ കാരണം പുറത്ത്: ടീമിലെ പടലപ്പിണക്കം മുതിർന്ന താരത്തിന്റെ ഭാര്യയെ ചൊല്ലി; ബിസിസിഐ അപേക്ഷ തള്ളിയിട്ടും മുതിർന്ന താരം ഭാര്യയെ ഇംഗ്ലണ്ടിൽ താമസിപ്പിച്ചു; തർക്കം ടീമിന്റെ ഐക്യത്തെയും ബാധിച്ചു

ലോകകപ്പിൽ ഇന്ത്യൻ തോൽവിയുടെ കാരണം പുറത്ത്: ടീമിലെ പടലപ്പിണക്കം മുതിർന്ന താരത്തിന്റെ ഭാര്യയെ ചൊല്ലി; ബിസിസിഐ അപേക്ഷ തള്ളിയിട്ടും മുതിർന്ന താരം ഭാര്യയെ ഇംഗ്ലണ്ടിൽ താമസിപ്പിച്ചു; തർക്കം ടീമിന്റെ ഐക്യത്തെയും ബാധിച്ചു

സ്വന്തം ലേഖകൻ
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം ലോകകപ്പ് ക്രിക്കറ്റിന്റെ സെമിയിൽ തോറ്റ് പുറത്തായത് വലിയ ചർച്ചകൾക്ക് വഴി വച്ചിരുന്നു. ടീമിലെ ഐക്യമില്ലായ്മയും കൂട്ടക്കുഴപ്പവുമാണ് തോൽവിയിലേയ്ക്ക് വഴി വച്ചതെന്നാണ് അന്ന് മുതൽ ഉയർന്ന ആരോപണം. ടീമിൽ കടുത്ത ഗ്രൂപ്പിസം നിലനിൽക്കുന്നതായും ധോണിയും, കോഹ്ലിയും രവിശാസ്ത്രിയും തമ്മിൽ പ്രശ്‌നങ്ങൾ നില നിൽക്കുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ഏറ്റവും ഒടുവിലായി ടീമിലെ മുതിർന്ന താരം ബി.സി.സി.ഐയുടെ വിലക്ക് ലംഘിച്ച് ടൂർണമെന്റിലുടനീളം ഭാര്യയെ കൂടെ താമസിപ്പിച്ചതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.
കുടുംബാംഗങ്ങളെ കൂടെക്കൂട്ടാനുള്ള ബി.സി.സിഐയുടെ നിബന്ധന ലംഘിച്ചാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഒരു മുതിർന്നതാരം ലോകകപ്പിലുടനീളം ഭാര്യയെ കൂടെ താമസിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുന്നത്. താരത്തിനെതിരെ അന്വേഷണം പ്രഖ്യാപിച്ചേക്കും. താരത്തിന്റെ കൂടുതൽ വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടില്ല. അതേസമയം സംഭവത്തിൽ ആരാധകരുടെ ഭാഗത്തു നിന്ന് പല ഊഹാപോഹങ്ങളും പുറത്തുവരുന്നുണ്ട്.
പ്രധാന പരമ്പരകൾക്കിടെ 15 ദിവസം ഭാര്യയെ കൂടെ താമസിപ്പിക്കാനാണ് ക്രിക്കറ്റ് ഭരണസമിതി അനുമതി നൽകിയിരിക്കുന്നത്. ഈ നിയമം ലംഘിച്ച് ലോകകപ്പിലുടനീളം ഭാര്യയെ കൂടെ താമസിപ്പിച്ച താരത്തിനെതിരേ ബി.സി.സിഐ അന്വേഷണം വന്നേക്കും. അതേസമയം ആ താരം മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ ധോണിയെന്ന് ഒരു വിഭാഗം വാദിക്കുന്നുണ്ട്. അതേസമയം രോഹിത് ശർമ്മയുടെ പേരും ചിലർ ഉയർത്തുന്നുണ്ട്.
താരം ഭാര്യയെ കൂടെ താമസിപ്പിക്കാൻ ബി.സി.സിഐ. നിർവഹണ സമിതിയോട് അനുമതിതേടിയിരുന്നു. എന്നാൽ, മെയ് മൂന്നിലെ മീറ്റിങ്ങിൽ സി.ഒ.എ. അനുമതി നിഷേധിച്ചു.ഭാര്യമാരെ 15 ദിവസത്തിനുശേഷം കൂടെ താമസിപ്പിക്കണമെങ്കിൽ ക്യാപ്റ്റന്റെയും കോച്ചിന്റെയും അനുമതി ആവശ്യമുണ്ട്. എന്നാൽ, ഈ അനുമതിയും ലഭിച്ചിട്ടില്ലെന്നാണ് വിവരം. ഈ താരത്തിന്റെ ഭാര്യ ടൂർണമെന്റിന്റെ ഏഴ് ആഴ്ചയും ഭർത്താവിനൊപ്പം ഉണ്ടായിരുന്നു. ഭരണനിർവഹണ സമിതി ടീം മാനേജരിൽനിന്ന് ഈ വിഷയത്തിൽ റിപ്പോർട്ട് തേടിയേക്കുമെന്നാണ് സൂചനകൾ.
ഭാര്യയെ കൂടെ താമസിപ്പിക്കണമെന്ന് സീനിയർ താരം മെയ് മാസം തന്നെ ഭരണസിമിതിക്ക് അപേക്ഷ നൽകിയിരുന്നവെങ്കിലും സമിതി ഇത് തള്ളിയിരുന്നു.
ക്യാപ്റ്റന്റെയോ കോച്ചിന്റെയോ അനുമതിയില്ലാതെ തന്നെ ലോകകപ്പിലുടനീളം കുടുംബത്തെ താമസിപ്പിച്ചു .ഈ വിഷയത്തിൽ ടീമിന്റെ അഡ്മിനിസ്‌ട്രേറ്റീവ് മാനേജരായ സുനിൽ സുബ്രഹ്മണ്യന് വീഴ്ച പറ്റിയെന്നും ഇക്കാര്യം റിപ്പോർട്ട് ചെയ്യുകയോ തടയുകയോ ചെയ്തില്ലെന്നും ബിസിസിഐ പ്രതിനിധി പറഞ്ഞു.കുടുംബാംഗങ്ങളെ കൂടെത്താമസിപ്പിക്കുന്ന കാര്യത്തിൽ ക്യാപ്റ്റന്റെയും കോച്ചിന്റേതുമായിരിക്കും അന്തിമ തീരുമാനമെന്ന നിർദേശം ബിസിസിഐ കഴിഞ്ഞ ദിവസം മുന്നോട്ട് വെച്ചതെന്നും റിപ്പോർട്ടുകളുണ്ട്.