
ന്യൂഡൽഹി : നാളുകളായി നിലനിന്നിരുന്ന ആശങ്കയുടെ കാർമേഘങ്ങൾ അകന്നുമാറി ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാളിന്റെ പുതിയ സീസൺ ആരംഭിക്കാൻ വഴിതെളിഞ്ഞു.
കേന്ദ്ര കായിക മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ ഇന്നലെ ഡൽഹിയിൽ ചേർന്ന ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷന്റേയും 14 ക്ളബ് ഉടമകളുടേയും സംയുക്ത യോഗത്തിൽ ഫെബ്രുവരി 14ന് പുതിയ സീസൺ മത്സരങ്ങൾ തുടങ്ങാൻ തീരുമാനമായതായി കേന്ദ്ര കായികമന്ത്രി മൻസൂഖ് മാണ്ഡവ്യയാണ് ഔദ്യോഗികമായി അറിയിച്ചത്.
മത്സരക്രമം ഉൾപ്പടെയുള്ള കാര്യങ്ങൾ വിശദമായ ചർച്ചകൾക്ക് ശേഷം വൈകാതെ പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരള ബ്ളാസ്റ്റേഴ്സ്,മോഹൻ ബഗാൻ,ഈസ്റ്റ് ബംഗാൾ,മൊഹമ്മദൻസ്,എഫ്.സി ഗോവ,മുംബയ് സിറ്റി,ചെന്നൈയിൻ എഫ്.സി, എസ്.സി ഡൽഹി, ബെംഗളുരു എഫ്.സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ജംഷഡ്പുർ എഫ്.സി,ഒഡിഷ എഫ്.സി,ഇന്റർ കാശി ക്ളബുകളുടെ പ്രതിനിധികളാണ് ചർച്ചയിൽ പങ്കെടുത്തത്.
ഐ.എസ്.എൽ പുനരാരംഭിക്കുന്നത് സംബന്ധിച്ച് കേരള ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് നവാസ് മീരാൻ അടങ്ങിയ കോ ഓർഡിനേഷൻ കമ്മറ്റി കഴിഞ്ഞദിവസം എ.ഐ.എഫ്.എഫിന് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ ചർച്ച നടന്നത്.
ഇതനുസരിച്ച് വാണിജ്യ സംപ്രേഷണത്തിനുള്ള പങ്കാളിയെ കിട്ടുന്നതുവരെ ലീഗ് നടത്താനുള്ള ചെലവ് ഫെഡറേഷൻ വഹിക്കുന്നതായിരിക്കും.ടൂർണമെന്റിന് കേന്ദ്ര കായികമന്ത്രാലയത്തിന്റെ സഹായം നൽകുന്നകാര്യം പരിഗണിക്കാമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്.
ക്ളബുകൾ പങ്കെടുക്കുന്നതിനുള്ള ഫീസായി ഫെഡറേഷന് നൽകാനുള്ള തുകയ്ക്ക് സാവകാശം നൽകാനും ധാരണയായിട്ടുണ്ട്. ഐ.എസ്.എല്ലിന് പിന്നാലെ ഐ ലീഗും തുടങ്ങുമെന്ന് ഫെഡറേഷൻ അറിയിച്ചിട്ടുണ്ട്.



