
കൊല്‍ക്കത്ത: അടുത്തകാലത്തൊന്നും ക്രിക്കറ്റില്‍ നിന്ന് വിരമിക്കാൻ ഉദ്ദ്യേശമില്ലെന്ന് വ്യക്തമാക്കി ഇന്ത്യൻ പേസര്‍ മുഹമ്മദ് ഷമി. താന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചതുകൊണ്ട് ആര്‍ക്കാണ് ഗുണം കിട്ടുകയെന്നും ക്രിക്കറ്റ് ആസ്വദിക്കുന്നിടത്തോളം കാലം രാജ്യാന്തര ക്രിക്കറ്റിലും ആഭ്യന്തര ക്രിക്കറ്റിലും തുടരുമെന്നും ന്യൂസ് 24ന് നല്‍കിയ അഭിമുഖത്തില്‍ ഷമി വ്യക്തമാക്കി. ആഭ്യന്തര സീസണ് തുടക്കമിടുന്ന ദുലീപ് ട്രോഫി ടൂര്‍ണമെന്‍റില്‍ നോര്‍ത്ത് സോണിനായി ഷമി കളിക്കാനിറങ്ങിയിരുന്നു. ഈ വര്‍ഷം ചാമ്പ്യൻസ് ട്രോഫിയില്‍ ഇന്ത്യക്കായി കളിച്ച ശേഷം ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനായും കളിച്ചെങ്കിലും അതിനുശേഷം നടന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലേക്കുള്ള ഇന്ത്യൻ ടീമിലേക്ക് ഷമിയെ പരിഗണിച്ചിരുന്നില്ല.
ഫിറ്റ്നെസ് പ്രശ്നങ്ങളെ തുടര്‍ന്നാണ് ഷമിയെ പരിഗണിക്കാതിരുന്നത് എന്നായിരുന്നു റിപ്പോര്‍ട്ട്. ഇതോടെയാണ് 34കാരനായ ഇന്ത്യൻ പേസറുടെ ഭാവിയെക്കുറിച്ച് ചോദ്യങ്ങളുയര്‍ന്നത്. ഞാന്‍ വിരമിക്കാത്തതില്‍ ആര്‍ക്കെങ്കിലും പ്രശ്നമുണ്ടെങ്കില്‍ പറയു. ഞാന്‍ വിരമിക്കുന്നതുകൊണ്ട് ആര്‍ക്കാണ് ഗുണം കിട്ടുക. എനിക്ക് ക്രിക്കറ്റ് മടുക്കുമ്പോള്‍ ഞാന്‍ മതിയാക്കും. എന്നെ ടീമിലെടുത്താലും ഇല്ലെങ്കിലും കളിക്കാന്‍ ലഭിക്കുന്ന അവസരങ്ങളിലെല്ലാം കളിക്കും. ഇന്ത്യൻ ടീമിലെടുത്തില്ലെങ്കില്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കും. എവിടെയെങ്കിലുമായി ഞാന്‍ ക്രിക്കറ്റ് കളിച്ചുകൊണ്ടേയിരിക്കും. ക്രിക്കറ്റ് മടുത്തുവെന്ന് തോന്നുന്നുമ്പോൾ മാത്രമെ വിരമിക്കാന്‍ ഉദ്ദ്യേശിക്കുന്നുള്ളു.
ഇന്ത്യക്കായി ഏകദിന ലോകകപ്പ് കിരീടം നേടുക എന്നതാണ് എന്‍റെ ഏറ്റവും വലിയ സ്വപ്നം. 2023ല്‍ നമ്മള്‍ അതിന് തൊട്ടടുത്ത് എത്തിയതായിരുന്നു. പക്ഷെ ഫൈനല്‍ ദിവസം ഭാഗ്യം നമ്മോട് കൂടെ ആയിരുന്നില്ല. എല്ലാ മത്സരങ്ങളും ജയിച്ച് നമ്മള്‍ ഫൈനലിലെത്തിയപ്പോള്‍ ചെറിയൊരു പേടിയുണ്ടായിരുന്നു. എന്നാല്‍ ആരാധകരുടെ പിന്തുണ ആത്മവിശ്വാസം നല്‍കി. പക്ഷെ ഫൈനലില്‍ ഭാഗ്യം നമ്മളെ കൈവിട്ടുവെന്നും ഷമി പറഞ്ഞു. ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യൻ ടീമിലിടം കിട്ടാതിരുന്ന ഷമി ഒക്ടോബറില്‍ നടക്കുന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്കായി കളിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group