
ന്യൂ ജഴ്‌സി: രോഗികളെ പീഡിപ്പിച്ച ഇന്ത്യക്കാരനായ ഡോക്ടറെ യുഎസ് അധികൃതര്‍ അറസ്റ്റ് ചെയ്തു. ന്യൂജഴ്‌സിയില്‍ ഫെയര്‍ ലോണ്‍ ക്ലിനിക്ക് നടത്തുന്ന ഡോ. റിതേഷ് കല്‍റയാണ് അറസ്റ്റിലായത്.
ക്ലിനിക്കില്‍ എത്തുന്ന ആളുകള്‍ ആവശ്യപ്പെടുന്ന ലഹരിവസ്തുക്കളെല്ലാം പ്രതി എഴുതി നല്‍കുമായിരുന്നുവെന്ന് പോലിസ് അറിയിച്ചു. ഓക്‌സികോഡോണ്‍ പോലുള്ള മാരകമായ മരുന്നുകളും ഇയാള്‍ എഴുതി നല്‍കിയിരുന്നു. 2019 ജനുവരി മുതല്‍ 2025 ഫെബ്രുവരി വരെ 31,000 തവണയാണ് ഇയാള്‍ ഓക്‌സികോഡോണ്‍ എഴുതി നല്‍കിയത്. ചില ദിവസങ്ങളില്‍ 50 പേര്‍ക്ക് വരെ ഈ മരുന്ന് നല്‍കി. ലഹരിക്ക് അടിമകളായവരെ ലൈംഗികമായി ഉപയോഗിക്കലും ഇയാളുടെ രീതിയായിരുന്നു.
ലഹരി ഉപയോഗം പ്രോല്‍സാഹിപ്പിച്ചു, ലഹരി നല്‍കി പീഡിപ്പിച്ചു തുടങ്ങി നിരവധി വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ഒരുലക്ഷം ഡോളറിന്റെ ബോണ്ടില്‍ വീട്ടുതടങ്കലിലാക്കി. രോഗികളെ ചികില്‍സിക്കുന്നതും മരുന്നുകള്‍ എഴുതുന്നതും തടഞ്ഞിട്ടുണ്ട്. എസക്‌സ് കൗണ്ടി ജയിലില്‍ കിടക്കുന്ന ഒരു വനിതാ തടവുകാരിക്ക് സ്ഥിരമായി ലഹരിവസ്തുക്കള്‍ നല്‍കുന്നതായും പോലിസ് കണ്ടെത്തി. പ്രതി ശിക്ഷിക്കപ്പെടുകയാണെങ്കില്‍, ലഹരിവസ്തുക്കള്‍ വിതരണം ചെയ്തതിന് 20 വര്‍ഷം തടവും മറ്റു തട്ടിപ്പുകള്‍ക്ക് പത്തുവര്‍ഷം വീതവും തടവ് ലഭിക്കാമെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. 21 കോടി രൂപ പിഴയും അടയ്‌ക്കേണ്ടി വരും.

Whatsapp Group 1 | Whatsapp Group 2 |Telegram Group