സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: ഇന്ത്യക്കെതിരെ വിദ്വേഷ പ്രസംഗം നടത്താന്‍ ഐക്യരാഷ്ട്ര സഭയുടെ മറ്റൊരു വേദി കൂടി മുതലെടുക്കാനുള്ള പാകിസ്ഥാന്‍ പ്രതിനിധി സംഘത്തിന്റെ ശ്രമത്തിന് തങ്ങളിന്ന് സാക്ഷ്യം വഹിച്ചെന്ന് ഇന്ത്യയുടെ പ്രതിനിധി വിദിഷ മൈത്ര. ജമ്മു കാശ്മീര്‍ പ്രശ്‌നവും വിമത നേതാവ് സയിദ് അലി ഷാ ഗീലാനിയുടെ മരണവും തുടര്‍ന്നുണ്ടായ വിവാദങ്ങളും പാകിസ്ഥാന്‍ പ്രതിനിധി ഐക്യരാഷ്ട്ര സഭയില്‍ ചര്‍ച്ചാവിഷയമാക്കിയതിനെ തുടര്‍ന്നുള്ള മറുപടി പ്രസംഗത്തിലാണ് ഇന്ത്യ പാകിസ്ഥാനെതിരെ ആഞ്ഞടിച്ചത്.
ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയും അക്രമ സംസ്‌കാരത്തെ പിന്തുണയ്ക്കുകയുമാണ് പാകിസ്ഥാന്‍ ചെയ്യുന്നതെന്നും സമാധാന സംസ്‌കാരം എന്നത് കോണ്‍ഫറന്‍സുകളില്‍ ചര്‍ച്ച ചെയ്യാനും ആഘോഷിക്കാനുമുള്ള ഒരു തത്വം മാത്രമല്ലെന്നും അംഗരാജ്യങ്ങള്‍ തമ്മിലുള്ള ആഗോള ബന്ധങ്ങളില്‍ സജീവമായി കെട്ടിപ്പടുക്കേണ്ട ഒന്നാണെന്നും വിദിഷ മൈത്ര പറഞ്ഞു. ‘സമാധാനത്തിന്റെ സംസ്‌കാരം’ എന്ന വിഷയത്തില്‍ ഐക്യരാഷ്ട്ര സഭയില്‍ നടന്ന ചര്‍ച്ചയിലാണ് ഇന്ത്യ ശക്തമായ വാദമുഖങ്ങള്‍ മുന്നോട്ടു വച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭീകരത എല്ലാ മതങ്ങള്‍ക്കും സംസ്‌കാരങ്ങള്‍ക്കും എതിരാണെന്നും അതിനെ ന്യായീകരിക്കാന്‍ മതത്തെ ഉപയോഗിക്കുന്ന ഭീകരരെയും അതിന് അവരെ പിന്തുണയ്ക്കുന്നവരെയും ഓര്‍ത്ത് ലോകം ആശങ്കപ്പെടണമെന്ന് വിദിഷ മൈത്ര പറഞ്ഞു. ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ നിലപാടുകള്‍ ഭീകരവാദത്തിനെതിരെയുള്ള ശക്തമായ മുന്നറിയിപ്പാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.