
വാട്ടര്‍ സല്യൂട്ട്, വാംഖഡെയിലെ നൃത്തച്ചുവട്; വരവേറ്റത് ജനസാഗരം; ആവേശക്കൊടുമുടിയില്‍ മുംബൈ; 125 കോടി രൂപയുടെ ചെക്ക് കൈമാറി; വിജയകിരീടവുമായി ക്രിക്കറ്റ് ടീം ഇന്ത്യയില്‍
മുംബയ് : വെസ്റ്റ് ഇൻഡീസില്‍ നടന്ന ട്വന്റി-20 ലോകകപ്പിലെ വിജയകിരീടവുമായെത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് അതിഗംഭീര വരവേല്‍പ്പ് നല്‍കി രാജ്യം.
ബെറില്‍ ചുഴലിക്കാറ്റുകാരണം മൂന്നുദിവസം ബാർബഡോസില്‍ കുടുങ്ങിപ്പോയ രോഹിത് ശർമ്മയും സംഘവും ഇന്നലെ രാവിലെ ആറുമണിയോടെ പ്രത്യേക വിമാനത്തില്‍ ഡല്‍ഹി വിമാനത്താവളത്തിലിറങ്ങിയപ്പോള്‍ നൂറുകണക്കിന് ആരാധകർ സ്വീകരിക്കാനെത്തിയിരുന്നു. വിമാനത്താവളത്തില്‍ നിന്ന് മൗര്യ ഐ.ടി.സിഹോട്ടലിലേക്ക് പോയ ടീം 11.30ഓടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദ്ദേഹത്തിന്റെ വസതിയില്‍ സന്ദർശിച്ച് കിരീടം കൈമാറി.
വിജയികളെ അഭിനന്ദിച്ച മോദി ടീമംഗങ്ങളുമായി ലോകകപ്പ് വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. തുടർന്ന് ടീം വിക്ടറി പരേഡിനായി മുംബയ്‌യിലേക്ക് തിരിച്ചു. വാട്ടർ സല്യൂട്ട് നല്‍കിയാണ് മുംബയ് വിമാനത്താവളത്തില്‍ വിജയികളുടെ വിമാനത്തെ സ്വീകരിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറൈൻ ഡ്രൈവ് മുതല്‍ വാങ്കഡെ സ്റ്റേഡിയം വരെയുള്ള തുറന്ന ബസിലെ പരേഡ് വൈകിട്ട് അഞ്ചുമണിക്കാണ് നിശ്ചയിച്ചിരുന്നതെങ്കിലും തുടങ്ങാൻ രണ്ട് മണിക്കൂറിലധികം വൈകി. കോരിച്ചൊരിഞ്ഞ മഴയെ അവഗണിച്ച് പതിനായിരക്കണത്തിന് ആരാധകരാണ് മുംബയ്‌യിലെ വീഥിയില്‍ നിറഞ്ഞത്. സൗജന്യ പ്രവേശനം അനുവദിച്ച വാങ്കഡെ സ്റ്റേഡിയം നാലുമണിയോടെ നിറഞ്ഞുകവിഞ്ഞിരുന്നു.
പരേഡിന് ശേഷം വാങ്കഡെയില്‍ നടന്ന അനുമോദനച്ചടങ്ങില്‍ ടീമംഗങ്ങള്‍ക്ക് ബി.സി.സി.ഐ പ്രഖ്യാപിച്ച 125കോടി സമ്മാനിച്ചു.